ഇന്ത്യയിലെ 90 ശതമാനം ജീവനക്കാരും പുറത്തേക്ക്; ട്വിറ്ററിലെ കൂട്ടപിരിച്ചുവിടൽ തുടരുന്നു

By Web TeamFirst Published Nov 7, 2022, 5:32 PM IST
Highlights

മസ്കിന്റെ മുഷ്യത്വരഹിതമായ നടപടി തുടരുന്നു. ഇന്ത്യയിലെ 90  ശതമാനം ജീവനക്കാരും പുറത്തേക്ക്. ശേഷിക്കുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം
 

സാൻഫ്രാൻസിസ്കോ: ട്വിറ്റർ ഏറ്റെടുത്ത ശേഷം ഇലോൺ മസ്‌ക് പിരിച്ചുവിട്ടത് ഇന്ത്യയിലെ 90 ശതമാനം ജീവനക്കാരെയെന്ന് റിപ്പോർട്ട്.  ഇന്ത്യയിൽ 200  ജീവനക്കാർ ഉണ്ടായിരുന്നു. പിരിച്ചു വിടലിന് ശേഷം ഒരു ഡസനോളം ജീവനക്കാർ മാത്രമേ നിലവിൽ അവശേഷിക്കുന്നുള്ളൂ.  44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്‌ക് ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്റെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു.

ഇന്ത്യയിൽ പിരിച്ചു വിട്ട ജീവനക്കാരിൽ  70 ശതമാനവും പ്രൊഡക്‌ട് ആൻഡ് എഞ്ചിനീയറിംഗ് ടീമിൽ നിന്നുള്ളവരാണ്. മാർക്കറ്റിംഗ്, പബ്ലിക് പോളിസി, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെയുള്ള ജീവനക്കാരെയും വെട്ടികുറച്ചിട്ടുണ്ട്. 

ട്വിറ്ററിൽ ഇന്ത്യയിലെ പൗരന്മാർ വളരെ സജീവമാണ്. പ്രത്യേകിച്ചും രാഷ്ട്രീയ വിഷയങ്ങളിൽ. ട്വിറ്ററിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 84 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇത്രയും സജീവമായി പ്രവർത്തിക്കുന്ന രാജ്യത്ത് ജീവനക്കാർ വിരലിൽ എണ്ണാവുന്നവർ മാത്രമായാൽ പരിതാപകരമായിരിക്കും അവസ്ഥ എന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു. ദില്ലിയിലാണ് ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്.

കൂട്ട പിരിച്ചുവിടലിന് ശേഷം, ആഗോള തലത്തിൽ ട്വിറ്ററിൽ ഏകദേശം 3,700 ജീവനക്കാർ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ചെലവ് ചുരുക്കാൻ നിരവധി മാർഗങ്ങളാണ് മസ്‌ക് സ്വീകരിക്കുന്നത്. ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് ബാഡ്ജിന് ഇനി മുതൽ; പ്രതിമാസം പണം നൽകണം. സബ്‌സ്‌ക്രിപ്‌ഷനിലൂടെ വരുമാനം ഉയർത്തുക എന്നുള്ളതാണ് മസ്കിന്റെ ലക്ഷ്യം. പണം നല്കാത്തവരുടെ ആക്കൗണ്ടുകളിൽ നിന്നും ബ്ലൂ ടിക്ക് അപ്രത്യക്ഷമാകും.  അതേസമയം കൂട്ട പിരിച്ചുവിടലിൽ മസ്കിന് അബദ്ധം പറ്റി. ലിസ്റ്റിൽ ഇല്ലാത്ത ജീവനക്കാരെയും അബദ്ധത്തിൽ പിരിച്ചുവിട്ടതിനാൽ അവരെ തിരിച്ചു വിളിച്ചിരിക്കുയാണ് ഇപ്പോൾ.
 

 

click me!