ഇന്ത്യക്കാർക്ക് 'വെജ് പാൽ' വേണം, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ 'നോണ്‍-വെജ് പാല്‍' വെല്ലുവിളിയാകുന്നു

Published : Jul 16, 2025, 06:32 PM IST
Cow milk vs buffalo milk Which is better

Synopsis

അമേരിക്കയില്‍ കന്നുകാലികള്‍ക്ക്, പന്നി, മത്സ്യം, കോഴി, കുതിര, പൂച്ച, നായ തുടങ്ങിയ മൃഗങ്ങളുടെ ഭാഗങ്ങള്‍ അടങ്ങിയ തീറ്റ നല്‍കുന്നത് സാധാരണമാണ്.

ന്ത്യയും അമേരിക്കയും തമ്മിലുള്ള നിര്‍ണായക വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പാല്‍ ഉല്‍പന്നങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം. ഇന്ത്യന്‍ വിപണി യുഎസ് ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി തുറന്നു നല്‍കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോഴും മൃഗങ്ങളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന ചില രീതികളാണ് ഇന്ത്യയെ ചൊടിപ്പിച്ചിരിക്കുന്നത്. കന്നുകാലികളെക്കൊണ്ട് മാംസവും രക്തവും അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ തീറ്റിക്കാത്ത പശുക്കളില്‍ നിന്നായിരിക്കണം ഇറക്കുമതി ചെയ്യുന്ന പാല്‍ എന്ന നിബന്ധനയില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.

എന്താണ് 'നോണ്‍-വെജ് പാല്‍'?

അമേരിക്കയില്‍ കന്നുകാലികള്‍ക്ക്, പന്നി, മത്സ്യം, കോഴി, കുതിര, പൂച്ച, നായ തുടങ്ങിയ മൃഗങ്ങളുടെ ഭാഗങ്ങള്‍ അടങ്ങിയ തീറ്റ നല്‍കുന്നത് സാധാരണമാണ്. കൂടാതെ, പന്നിയുടെയും കുതിരയുടെയും രക്തവും കൊഴുപ്പും പ്രോട്ടീനും കാലികള്‍ നല്‍കുന്നുണ്ട്. കോഴി കാഷ്ഠം, തൂവലുകള്‍, എന്നിവയും കന്നുകാലികള്‍ക്ക് നല്‍കുന്ന പതിവുണ്ട്. ഇത് ചെലവ് കുറഞ്ഞ രീതിയായതിനാലാണ് ഇങ്ങനെയുള്ള തീറ്റകള്‍ നല്‍കുന്നത്. ഇന്ത്യയില്‍ പാലും നെയ്യുമെല്ലാം ദൈനംദിന ജീവിതത്തിലും ആചാരങ്ങളിലും വലിയ പ്രാധാന്യമുള്ളവയാണ് എന്നുള്ളതിനാല്‍ മാംസവും രക്തവും കഴിച്ച് വളര്‍ന്ന പശുവിന്റെ പാലില്‍ നിന്ന് ഉണ്ടാക്കിയ വെണ്ണ കഴിക്കുന്നത് ഇന്ത്യക്കാര്‍ അംഗീകരിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നോണ്‍ വെജ് കഴിച്ച് വളരുന്ന പശുക്കളുടെ പാല്‍ മതവിശ്വാസങ്ങള്‍ക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ യുഎസിനെ അറിയിച്ചതായാണ് സൂചന. ഇന്ത്യയുടെ ഈ ആവശ്യം 'അനാവശ്യമായ വ്യാപാര തടസ്സമാണ്' എന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍, പാല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ ആശങ്കകള്‍

സാമ്പത്തിക ആഘാതം: അമേരിക്കന്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശനം ലഭിച്ചാല്‍, വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ എത്തുകയും ആഭ്യന്തര വില ഇടിയുകയും ചെയ്യും. ഇത് രാജ്യത്തെ 8 കോടിയിലധികം വരുന്ന ക്ഷീരകര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. എസ്ബിഐയുടെ കണക്കനുസരിച്ച്, ഈ മേഖല അമേരിക്കയ്ക്കായി തുറന്നുകൊടുത്താല്‍ പ്രതിവര്‍ഷം 1.03 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകും.

മതപരവും സാംസ്‌കാരികവുമായ പ്രാധാന്യം: ഇന്ത്യയില്‍ പശുവിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ആഴത്തിലുള്ള മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. മാംസം തീറ്റിക്കുന്ന പശുക്കളുടെ പാല്‍ ഉപയോഗിക്കുന്നത് വലിയ എതിര്‍പ്പിന് കാരണമാകും.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം