സൗണ്ട്പ്രൂഫ് ഓഡിറ്റോറിയവും വിക്ടോറിയൻ ഇന്റീരിയറുകളും; പ്രിയങ്കക്കായി 125 വര്‍ഷം പഴക്കമുള്ള ഓഫീസ് നവീകരിച്ച് കോണ്‍ഗ്രസ്

By Web TeamFirst Published Jan 26, 2019, 12:48 PM IST
Highlights

ഇതേ ഓഫീസില്‍ തന്നെയായിരിക്കും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ മേൽനോട്ടച്ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മുറി ഒരുങ്ങുന്നത്. ഇതിന് പുറമേ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പാർട്ടി യോഗങ്ങള്‍ക്കും പ്രത്യേക മുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ലക്നൗ: കിഴക്കൻ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസ്, പ്രിയങ്കക്കായി ഉത്തർപ്രദേശിൽ തയാറാക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓഫീസ് സമുച്ചയം. 

ലക്നൗവിലെ 125 വർഷം പഴക്കമുള്ള ഓഫീസ് കെട്ടിടമാണ് കോണ്‍ഗ്രസ് പ്രിയങ്കക്കായി മോടി കൂട്ടി തയാറാക്കുന്നത്. സൗണ്ട്പ്രൂഫ് ഓഡിറ്റോറിവും വിക്ടോറിയന്‍ രീതിയിലുള്ള ഫര്‍ണിച്ചറുകളുമാണ് ഓഫീസില്‍ ഒരുക്കുന്നത്. ഇതേ ഓഫീസില്‍ തന്നെയായിരിക്കും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ മേൽനോട്ടച്ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മുറി ഒരുങ്ങുന്നത്. ഇതിന് പുറമേ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പാർട്ടി യോഗങ്ങള്‍ക്കും പ്രത്യേക മുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രിയങ്കയുടെ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും ഓഫീസിന് ചുറ്റുമായി സ്ഥാപിച്ചിട്ടുണ്ട്.

എന്നാല്‍ ഓഫീസ് മോടിപിടിപ്പിക്കല്‍ നേരത്തെ തുടങ്ങിയതാണെന്നും അപ്രതീക്ഷിതമായാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന പ്രഖ്യാപനം വന്നതെന്നും കോണ്‍ഗ്രസ് വക്താവ് സീശന്‍ ഹൈദര്‍ പറഞ്ഞു. പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവില്‍ യുപിയിൽ മാത്രമല്ല രാജ്യത്തെ മുഴുവൻ കോൺഗ്രസ് അണികളും ആവേശത്തിലാണെന്നും പാർട്ടിയുടെ ശക്തമായ നേതാവായി തന്നെ അവർ മാറുമെന്നും ഹൈദര്‍ വ്യക്തമാക്കി. 

മുമ്പ് യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും പാര്‍ട്ടി വക്താവ് രാജീവ് ഭക്ഷിയും ഇതേ ഓഫീസിലായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. ബിഎസ്പിയും എസ്പിയും കോൺഗ്രിസിനെ കൈയ്യൊഴിഞ്ഞ സാഹചര്യത്തിൽ വലിയൊരു ഉത്തരവാദിത്വമാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശില്‍ കാത്തിരിക്കുന്നത്.  

click me!