രാജീവ് ഗാന്ധിയുടെ ഭാരതരത്ന തിരികെ വാങ്ങണമെന്ന പ്രമേയം; ആം ആദ്മിയിൽ പ്രതിസന്ധി

By Web TeamFirst Published Dec 22, 2018, 12:43 PM IST
Highlights

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്ന പുരസ്കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ ചൊല്ലി ആം ആദ്മിയില്‍ പ്രതിസന്ധി. 

 

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരതരത്ന പുരസ്കാരം തിരികെ വാങ്ങണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ ചൊല്ലി ആം ആദ്മിയിൽ പ്രതിസന്ധി. ദില്ലി നിയമസഭ പാസാക്കിയ പ്രമേയത്തിൽ ഈ ആവശ്യം എഴുതി ചേര്‍ത്ത സോമനാഥ് ഭാരതിയോട് പാര്‍ട്ടി വിശദീകരണം തേടി. ആവശ്യത്തെ പരസ്യമായി എതിര്‍ത്ത അൽകാ ലാംബയോട് നിയമസഭാ അംഗത്വം രാജിവയ്ക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നിര്‍ദേശം അനുസരിക്കുമന്ന് അൽകാ ലാബ വ്യക്തമാക്കി.

സിഖ് വിരുദ്ധ കലാപത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിലാണ് രാജീവ് ഗാന്ധിയുടെ ഭാരതരത്ന തിരികെ വാങ്ങണമെന്ന നിര്‍ദേശം ഉള്‍പ്പെട്ടത്. ഈ നിര്‍ദേശത്തോടെയുള്ള പ്രമേയം പാസാക്കിയെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയും എഎപിയും ഒരു പോലയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി കൈകോര്‍ക്കാൻ എഎപി ഒരുങ്ങുന്നതിനിടെയാണ് പ്രമേയം വിവാദമായത്. രാജീവ് ഗാന്ധിയുടെ ഭാരതരത്ന തിരികെ വാങ്ങണം എന്ന ആവശ്യം യഥാര്‍ഥ പ്രമേയത്തിൽ ഇല്ലെന്ന് എഎപി വിശദീകരിച്ചു. എന്നാല്‍ ഭാരതരത്ന തിരികെ വാങ്ങണമെന്ന പ്രമേയം പാസായിട്ടില്ലെന്ന് സ്പീക്കറും വിശദീകരിച്ചു. അതേസമയം, കോണ്‍ഗ്രസിനോട് കൈകോര്‍ക്കാൻ ഒരുങ്ങുന്ന എഎപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന കളികളെന്നാണ് ബിജെപിയുടെ പ്രതികരണം.

click me!