പേര് മാറ്റം തുടരാന്‍ ബിജെപി; സുൽത്താൻപൂരിന്‍റെ പേര് കുശ്ഭവന്‍പുര്‍ എന്നാക്കണമെന്ന് എംഎല്‍എ

By Web TeamFirst Published Dec 22, 2018, 11:36 AM IST
Highlights

ഖിൽജികളാണ് സുത്താൻപൂരിന് ആ പേര് നൽകിയതെന്നും അത് കുശ്ഭവൻപൂർ എന്ന് പുനർനാമകരണം ചെയ്യണമെന്നുമാണ് ദേവ്മണിയുടെ ആവശ്യം.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ന‍ഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ബി ജെ പി നേതാക്കൾ. സുൽത്താൻപൂരിലെ ലോംബു മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയ ദേവ്മണി ദ്വിവേദിയാണ് ആവശ്യവുമായി രംഗത്തെത്തിരിക്കുന്നത്. ഖിൽജികളാണ് സുത്താൻപൂരിന് ആ പേര് നൽകിയതെന്നും അത് കുശ്ഭവൻപൂർ എന്ന് പുനർനാമകരണം ചെയ്യണമെന്നുമാണ് ദേവ്മണിയുടെ ആവശ്യം.

ഖിൽജി വംശമാണ് സുൽത്താൻപൂർ എന്ന പേര് നൽകിയത്. എന്നാൽ നഗരത്തിന്റെ യഥാർത്ഥ പേര് കുശ്ഭവന്‍പുര്‍ എന്നാണ്. ഈ പേര് ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഘുവംശം എന്ന കാളിദാസന്റെ മഹാകാവ്യത്തിലും സുൽത്താൻപൂരിന്റെ ഗസറ്റിലും ഇത് വ്യക്തമാക്കിട്ടുണ്ട്- ദേവ്മണി അവകാശപ്പെടുന്നു. നേരത്തെ അലഹബാദിനും ഫൈസാബാദിനും പുതിയ പേരുകള്‍ നല്‍കിയതിന് പിന്നാലെ ഉത്തർപ്രദേശിലെ മറ്റ് ചില നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തിരുന്നു.

ഇത്തരത്തിൽ  കഴിഞ്ഞ ആഗസ്റ്റിൽ ഉത്തര്‍പ്രദേശ് നിയമസഭയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ദേവ്മണി രംഗത്ത് വന്നിരുന്നു. മുൻ ഭരണാധികാരികൾ ചരിത്രത്തെ വളച്ചൊടിക്കുയാണ് ചെയ്തതെന്നും അവ ശരിയായ രീതിയിൽ കൊണ്ടുവരാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നു. 

click me!