Latest Videos

'ഇനി സിബിഐക്കെതിരെ ആര് അന്വേഷിക്കും ?' പരിഹാസവുമായി അഖിലേഷ് യാദവ്

By Web TeamFirst Published Jan 11, 2019, 9:55 PM IST
Highlights

അനധികൃത മണല്‍ ഖനനത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ അഖിലേഷ് യാദവിനെ സിബിഐ ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അഖിലേഷ് സിബിഐയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പുറത്താക്കുകയും രാകേഷ് അസ്താനയ്ക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ പരിഹാസവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ഇനി സിബിഐ യെ കുറിച്ച് ആര് അന്വേഷിക്കുമെന്നാണ് അഖിലേഷ് പരിഹസിച്ചത്. ''സിബിഐയ്ക്ക് ഉള്ളില്‍ തന്നെ നിരവധി യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. പരസ്പരം പോര് നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്നത്. ആര് സിബിഐയെ അന്വേഷിക്കും'' - അഖിലേഷ് ചോദിച്ചു. 

അനധികൃത മണല്‍ ഖനനത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ അഖിലേഷ് യാദവിനെ സിബിഐ ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അഖിലേഷ് സിബിഐയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് പിയും ബിഎസ്‍പിയും സഖ്യം ചേര്‍ന്ന ദിവസം തന്നെയാണ് അഖിലേഷിനെ ചോദ്യം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്. 

പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. ഡയറക്ടർ ഫയർ സർവ്വീസസ് ആൻറ് ഹോം ഗാർഡ്സ് ആയാണ് മാറ്റം. അലോക് വര്‍മ്മയ്ക്കതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവ് ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി. പുതിയ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ച  അലോക് വർമ സ്ഥാനം രാജി വയ്ക്കുകയും ചെയ്തു. 

click me!