
തിരുവനന്തപുരം: നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ ട്വിറ്ററില്‍ ഉന്നയിച്ച ആരോപണം ആവര്‍ത്തിച്ച് ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ്. മുകേഷിനെതിരായ ആരോപണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സംഭവത്തില്‍ നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ടെസ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്തരക്കാരെ തുറന്നുകാട്ടാന്‍ മാത്രമാണ് ശ്രമം. തനിക്ക് മുകേഷില്‍ നിന്നുണ്ടായ ദുരനുഭവത്തിന് ശേഷം കോടീശ്വരന്‍ പരിപാടിയില്‍ നിന്നും പിന്മാറിയതായും ടെസ് ജോസഫ് പറഞ്ഞു.
മി ടൂ ക്യാംപെയ്ന്‍റെ ഭാഗമായാണ് തനിക്ക് 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷില്‍ നിന്ന് നേരിട്ട ദുരനുഭവം ടെസ് ജോസഫ് തുറന്ന് പറഞ്ഞത്. കോടീശ്വരന്‍ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ 19 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറഞ്ഞത്. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് ട്വിറ്ററില്‍ പറഞ്ഞിരുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെക്കുറിച്ച് ടെസ് ജോസഫ് പറഞ്ഞത്
ഡെറിക് ഒബ്രിയാന്‍റെ കമ്പിനിയില്‍ ജോലി ചെയ്ത കാലത്താണ് സംഭവം. മലയാളിയായതിനാലാണ് മുകേഷിന്‍റെ ഷോയിലേക്ക് എന്നെയും നിയോഗിച്ചത്. ഷൂട്ടിംഗിനിടെ മുകേഷുമായി സംസാരിക്കേണ്ട സാഹചര്യങ്ങള്‍ കുറവായിരുന്നു. ചെന്നൈയിലെ ഷെഡ്യൂളില്‍ ഞാന്‍ മാത്രമായിരുന്നു വനിത. ഒരു ദിവസം അവതരണം നന്നായെന്ന് ഞാന്‍ മുകേഷിനോട് പറഞ്ഞു. എനിക്ക് മലയാളം അത്ര വശമില്ലായിരുന്നു. മലയാളം പഠിപ്പിക്കാമെന്ന് മുകേഷ് പറഞ്ഞു. രാത്രിയില്‍ ഞാന്‍ താമസിച്ച ഹോട്ടല്‍ മുറിയിലേക്ക് മുകേഷ് തുടര്‍ച്ചയായി വിളിച്ചു. ആ രാത്രി സഹപ്രവര്‍ത്തകന്‍റെ മുറിയില്‍ എനിക്ക് കഴിച്ചുകൂട്ടേണ്ടിവന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam