ദില്ലിയില്‍ സിഗ്നല്‍ കാത്ത് കിടന്ന ട്രെയിനിലെ എസി കംപാര്‍ട്ട്മെന്റില്‍ കവര്‍ച്ച നടത്തി ആയുധധാരികള്‍

By Web TeamFirst Published Jan 17, 2019, 3:47 PM IST
Highlights

പണവും ബാഗുകളും മൊബൈല്‍ ഫോണുകളും സ്വര്‍ണവും ആയുധധാരികള്‍ മോഷ്ടിച്ചതായാണ് പരാതി. പത്തംഗ സംഘമായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നെന്ന് യാത്രക്കാര്‍

ദില്ലി : സിഗ്നല്‍ കാത്ത് കിടന്ന ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിച്ച് ആയുധധാരികള്‍. ജമ്മു ദില്ലി ദുരന്തോ എക്പ്രസിലെ എസി കോച്ചുകളിലാണ് ആയുധധാരികള്‍ കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ 3.30ഓടെയാണ് കവര്‍ച്ച നടന്നത്. ദില്ലിയുടെ പ്രാന്തപ്രദേശമായ ബദ്ലിയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ദില്ലി സ്റ്റേഷനിലേക്കുള്ള സിഗ്നല്‍ കാത്ത് ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്താണ് കവര്‍ച്ച നടന്നത്. 

പണവും ബാഗുകളും മൊബൈല്‍ ഫോണുകളും സ്വര്‍ണവും ആയുധധാരികള്‍ മോഷ്ടിച്ചതായാണ് പരാതി. പത്തംഗ സംഘമായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നെന്ന് യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കി. ബി 3, ബി 7 കോച്ചുകളിലായിരുന്നു കവര്‍ച്ചക്കാര്‍ കയറിയത്. 

യാത്രക്കാരുടെ കഴുത്തിന് കത്തി വച്ച്  വിലപ്പെട്ട വസ്തുക്കള്‍ വിരട്ടി മേടിക്കുകയായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. ചെറുത്ത് നില്‍പ്പിന് ശ്രമിച്ചവര്‍ക്ക് മര്‍ദ്ദനമേറ്റെന്നും ആരോപണമുണ്ട്. പതിനഞ്ച് മിനുട്ടുകള്‍ക്കകം കോച്ചിനുള്ളില്‍ ഉണ്ടായിരുന്നവരെ കൊള്ളടിക്കുകയായിരുന്നു. കവര്‍ച്ച നടന്ന സമയത്ത് റെയില്‍വെ പൊലീസിന്റെ സേവനം ലഭിച്ചില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. പരാതിയുമായി ടിടിആറിനെ കണ്ടെത്താന്‍ 20 മിനിട്ടോളം കാത്തിരിക്കേണ്ടി വന്നെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. 

click me!