
ദില്ലി: പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ ചരിത്രം കാണാനില്ലെന്നും ലെനിനെയും സ്റ്റാലിനെയും റഷ്യൻ വിപ്ലവത്തെയും കുറിച്ച് മാത്രമാണ് ഇപ്പോഴത്തെ സിലബസ്സിൽ പഠിപ്പിക്കുന്നതെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. വൻതോതിൽ സിലബസ്സിൽ മാറ്റം ആവശ്യമാണെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേർത്തു. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ നേതാക്കളോ അവരുടെ ചരിത്രമോ ഇല്ല. പുതിയ സിലബസ്സും പഠന ഉപകരണങ്ങളുമാണ് ക്ലാസ്സ് മുറികളിൽ വേണ്ടത്. അടുത്ത വർഷം മുതൽ സ്കൂളുകളിൽ പുതിയ സിലബസ്സിലുള്ള പാഠപുസ്തകങ്ങളായിരിക്കും ഉണ്ടാകുന്നതെന്നും അദ്ദേഹം ഉറപ്പ് നൽകി.
മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലക്, നേതാജി സുഭാഷ് ചന്ദ്രബോസ്, മുന്‍പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാം എന്നിവരെക്കുറിച്ചാണ് കുട്ടികൾ പഠിക്കേണ്ടത്. അല്ലാതെ മുന്‍ റഷ്യൻ പ്രസിഡന്റ് ജോസഫ് സ്റ്റാലിനെ കുറിച്ചും ലെനിനോ കുറിച്ചോ ആയിരിക്കരുത്. സ്കൂൾ-കോളേജ് സിലബസ്സുകൾ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളാണ്. ആ അവസ്ഥയ്ക്ക് മാറ്റം വരണം. ത്രിപുര യൂണിവേഴ്സിറ്റി സ്ഥാപനദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ബിപ്ലബ് ദേബ് ഇങ്ങനെ പറഞ്ഞത്.
പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ അടുത്ത വർഷം എൻസിഇആർറ്റി പ്രകാരമുള്ള പാഠങ്ങളാണ് പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. സർക്കാർ അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam