
ലക്നൗ: ക്ഷേത്രപരിപാടിയിൽ ഭക്ഷണ സാധനങ്ങൾക്കൊപ്പം മദ്യം വിളമ്പിയ ബി ജെ പി എം എൽ എ വിവാദത്തിൽ. ഉത്തർപ്രദേശ് ഹര്‍ദോയിലെ എം എൽ എയായ നിതിൻ അഗർവാളാണ് പൂരിക്കും സബ്ജിക്കുമൊപ്പം മദ്യം വിളമ്പിയത്. ഹര്‍ദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തിലായിരുന്നു സംഭവം. നിതിന്റെ പിതാവ് നരേഷ് അഗർവാൾ എല്ലാവരും ഭക്ഷണപൊതികൾ കൈപ്പറ്റണമെന്ന് വിളിച്ചു പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കുട്ടികൾക്ക് സഹിതം മദ്യകുപ്പി അടങ്ങുന്ന ഭക്ഷണപ്പൊതി കൈമാറിയെന്നാണ് നിതിനെതിരെയുള്ള ആരോപണം. സംഭവത്തെ തുടർന്ന് ബിജെപി ഹര്‍ദോയ് എം പി അന്‍ഷുല്‍ വര്‍മ്മ ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിട്ടുണ്ട്. അടുത്തിടെ സമാജ് വാദി പാർട്ടിയിൽ നിന്നും ബി ജെ പിയിൽ ചേർന്നയാളാണ് നിതിന്റെ പിതാവ് നരേഷ്.
ബി ജെ പിയിൽ ചേർന്ന നരേഷ് അഗർവാൾ ഞങ്ങളുടെ ഒരു ആരാധനാലയത്തിലാണ് പരിപാടി നടത്തിയത്. ഇത് നിർഭാഗ്യകരമായ സംഭവമാണ്. പേനയും പെൻസിലും നൽകേണ്ട കുഞ്ഞുങ്ങൾക്കു വരെ അവർ മദ്യം നൽകി. ഇക്കാര്യം ഞാൻ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ഒപ്പം ഇത്രയധികം മദ്യം വിതരണം ചെയ്തത് എക്സൈസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും-വർമ്മ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. അതേ സമയം വിഷയത്തെ പറ്റി പ്രതികരിക്കാൻ നിതിനോ നരേഷ് അഗർവാളോ തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam