'സീറോ'യ്ക്കെതിരായ ആരോപണം; പ്രതികരണവുമായി അണിയറ പ്രവർത്തകർ

By Web TeamFirst Published Nov 8, 2018, 2:05 PM IST
Highlights

ചിത്രത്തിൽ കൃപാൺ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ ഒന്നും തന്നെ ഇല്ല. മതവികാരത്തെ വ്രണപ്പെടുത്താൻ യാതൊരു ശ്രമവുമില്ല, അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ലെന്ന് ചിത്രത്തിന്റെ അണിയറ ശിൽപികള്‍ വ്യക്തമാക്കി.

ദില്ലി: ഷാറൂഖ് ഖാന്‍ ചിത്രം സീറോ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ പോസ്റ്ററിൽ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണല്ലെന്നും കഠാരയാണെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിശദീകരണം.

ചിത്രത്തിനെതിരെ ബിജെപി എംഎല്‍എയും ദില്ലിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ മഞ്ചീന്ദർ സിങ് സിർസയാണ് പരാതി നൽകിയത്. ചിത്രത്തിൽ കൃപാൺ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ ഒന്നും തന്നെ ഇല്ല. മതവികാരത്തെ വ്രണപ്പെടുത്താൻ യാതൊരു ശ്രമവുമില്ല, അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ലെന്ന് ചിത്രത്തിന്റെ അണിയറ ശിൽപികള്‍ വ്യക്തമാക്കി. 

അതേസമയം അണിയറ പ്രവർത്തകരുടെ വിശദീകരണത്തിൽ മറുപടി നൽകി സിർസ രംഗത്തെത്തി. വിശദീകരണം നൽകിയത് നന്നായെന്നും, വിശദീകരണം സ്വീകരിച്ചതായും സിർസ പറഞ്ഞു. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും സിർസ കൂട്ടിച്ചേർത്തു.   
  
ഷാരുഖ് കുളളനായെത്തുന്ന ചിത്രമാണ് സീറോ. ആദ്യമായി ശാരീരിക വൈകല്യമുളള വ്യക്തിയായി ഷാരൂഖ് സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തനു വെഡ്‌സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൗവാ സിംഗ്  കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകന്‍. 

കിംഗ് ഖാന്റെ 53-ാം പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 3.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് യുട്യൂബില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും.

click me!