
ലഖ്മൗ: ഗോവധം ആരോപിച്ച് നടന്ന കലാപത്തില്‍ കൊലചെയ്യപ്പെട്ട ഇൻസ്‌പെക്ടർ സുബോധ് സിംഗ് ആദ്യം ആക്രമിക്കപ്പെട്ടത് ഒരു മഴുകൊണ്ടെന്ന് വെളിപ്പെടുത്തല്‍. ക്രൂരമായി കൊല ചെയ്യപ്പെട്ട സുബോധ് ആക്രമിക്കപ്പെട്ടത് എങ്ങനെ എന്നതടക്കമുള്ള വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ എന്ന പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം സുബോധ് ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ നടന്നത് ഇങ്ങനെയാണ്.
മഹാവ് ഗ്രാമത്തിൽ നിന്നും കണ്ടെടുത്ത കൊല്ലപ്പെട്ട പശുക്കളുടെ അവശിഷ്ടങ്ങളും ട്രാക്ടറിലേറ്റിക്കൊണ്ട് അക്രമാസക്തരായ ജനക്കൂട്ടം നേരെ ചെന്നത് സ്റ്റേറ്റ് ഹൈവേയിൽ സ്ഥിതിചെയ്യുന്ന ചിങ്കാരാവടി പോലീസ് സ്റ്റേഷനിലേക്കാണ്. ട്രാക്ടർ ട്രെയ്‌ലർ ദേശീയപാതയ്ക്ക് കുറുകെ നിർത്തിയിട്ട്, ജനക്കൂട്ടം സംസ്ഥാനപാത ഉപരോധിക്കാൻ ശ്രമിച്ചു. വാഹനഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് ഇടപെട്ട് ട്രാക്ടർ റോഡിൽ നിന്നും മാറ്റിയെങ്കിലും പശുക്കളുടെ അവശിഷ്ടമടങ്ങിയ ട്രെയിലർ എടുത്തുമാറ്റാൻ ജനം അനുവദിച്ചില്ല. തുടർന്ന് ഉപരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമീണർ റോഡരികിൽ നിന്ന ഒരു വൻമരം, മഴു ഉപയോഗിച്ച് മുറിച്ച് റോഡിനു കുറുകെ ഇടാൻ ശ്രമം തുടങ്ങി.
ഈ സംഭവങ്ങൾ നടക്കുന്നതിനിടയിലാണ് സ്റ്റേഷൻ ഓഫീസറായ സുബോധ് സിംഗ് സംഭവസ്ഥലത്ത് എത്തിച്ചേരുന്നത്. എത്തിയ ഉടനെ അദ്ദേഹം മരം മുറിക്കുന്നത് തടയാൻ ശ്രമം നടത്തി. ക്രുദ്ധനായ ഗ്രാമീണർ അദ്ദേഹത്തെ മരം മുറിച്ചുകൊണ്ടിരുന്ന അതേ മഴുകൊണ്ട് ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ചു. ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഇൻസ്‌പെക്ടർ തന്‍റെ ജീപ്പിൽ കയറി. ഡ്രൈവർ പോലീസ് ജീപ്പ് സമീപത്തുകണ്ട വയലിനുള്ളിലേക്ക് ഓടിച്ചുകേറ്റി അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമം നടത്തി.
എന്നാൽ വയലിനുള്ളിലെ ചെളിയിൽ ചക്രങ്ങൾ പുതഞ്ഞ് പോലീസ് ജീപ്പ് നിന്നുപോവുകയും, കുപിതരായി ജീപ്പിനെ പിന്തുടർന്നുവന്ന ജനക്കൂട്ടം അദ്ദേഹത്തെ വീണ്ടും അക്രമിക്കുകയുമാണുണ്ടായത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത് എന്നാണ് കേസന്വേഷണം ഏറ്റെടുത്ത സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം വെളിപ്പെടുത്തുന്നത്.
മഴുകൊണ്ട് ഇൻസ്‌പെക്ടറെ ആക്രമിക്കുന്നതിന്‍റെയും തുടർന്ന് ജീപ്പിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും ഒക്കെ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
അതേ സമയം സംഭവത്തില്‍ പങ്കാളിയായ പങ്കാളിയെന്ന് സംശയിക്കുന്ന സൈനികന്‍ കസ്റ്റഡിയില്‍. കേസില്‍ എഫ്ഐആറില്‍ പേരുള്ള സൈനികന്‍ ജിതേന്ദ്ര മാലിക് എന്ന ജീതു ഫൗജിയെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീനഗറില്‍ ഇയാള്‍ ജോലി ചെയ്യുന്ന സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. യു.പി പൊലീസിന്‍റെ ആവശ്യപ്രകാരം ആണ് നടപടി എന്നാണ് അറിയുന്നത്. ഇയാളെ ഉടന്‍ യുപി പൊലീസിന് കൈമാറിയേക്കും.
ബുലന്ദ്ഷഹറിലെ കലാപത്തിനും ഇന്‍സ്പെക്ടര്‍ സുബോധിന്‍റെ മരണത്തിനും ശേഷം അവിടെ നിന്നും കടന്നുകളഞ്ഞ ജിതേന്ദ്ര വെള്ളിയാഴ്ചയാണ് കാശ്മീരിലെ സോപോറിലുള്ള സൈനിക ക്യാമ്പിലെത്തിയത്. സംഭവത്തില്‍ പൊലീസിന് എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ വധിച്ചത് തന്റെ മകനാണ് എന്ന് തെളിഞ്ഞാല്‍ അയാളെ താന്‍ തന്നെ കൊല്ലുമെന്ന് നേരത്തെ ജീതുവിന്‍റെ മാതാവ് രത്തന്‍ കൗര്‍ ഒരു ചാനലിനോട് പ്രതികരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam