ഹനുമാന്‍ ദളിതനാണെന്ന യോഗി ആദിത്യനാഥിന്റെ പരാമർശം; ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

By Web TeamFirst Published Dec 8, 2018, 11:27 AM IST
Highlights

ഒരാഴ്ചക്കകം സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്ന് പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു. 

ലഖ്നൗ: ഹനുമാൻ ദളിതനാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുടെ പേരില്‍ വിവാദം കെട്ടടങ്ങുന്നില്ല. ഹനുമാന്റെ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീൽ സമാജ് വാദി ലോഹ്യ (പിഎസ്പിഎൽ) പാർട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകി. യു പി മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവിന്റെ പുതിയ പാർട്ടിയാണ് പി എസ് പി എൽ.

ഒരാഴ്ചക്കകം സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്ന് പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരാധന മൂർത്തിയായ ഹനുമാനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും ഹരീഷ് മിശ്ര കൂട്ടിചേർത്തു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍  സംസാരിക്കുന്ന സമയത്തായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.  ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു.

ഹനുമാൻ ദളിതനാണെങ്കിൽ എല്ലാ ഹനുമാൻ ക്ഷേത്രങ്ങളും  തങ്ങളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലി-കാണ്‍പൂര്‍ ഹൈവേയിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ദളിതര്‍ കഴിഞ്ഞ മാസം മാര്‍ച്ച് നടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

click me!