
കോയമ്പത്തൂര്‍: അണ്ഡാശയത്തില്‍ രൂപം കൊണ്ട ഭീമന്‍ മുഴ നീക്കം ചെയ്ത് തമിഴ്‌നാട്ടിലെ ഒരുസംഘം ഡോക്ടര്‍മാര്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. ഊട്ടി സ്വദേശിനിയായ മധ്യവയസ്‌കയുടെ വയറ്റില്‍ രൂപപ്പെട്ട 33.5 കിലോ തൂക്കം വരുന്ന അര്‍ബുദ മുഴയാണ് ഡോക്ടര്‍മാരുടെ സംഘം അതിസങ്കീര്‍ണമായ ഓപ്പറേഷനിലൂടെ പുറത്തെടുത്തത്.
ഊട്ടിയില്‍ നിന്നുള്ള കാര്‍ഷിക തൊഴിലാളിയായ വസന്ത എന്ന രോഗിയാണ് ഇത്രകാലം ഭീമന്‍ മുഴയുമായി ജീവിച്ചത്. തന്റെ വയറിനുണ്ടാവുന്ന അസാരണവലിപ്പം നേരത്തെ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നവെങ്കിലും അത് തടി കൂടുന്നതിന്റെ ഭാഗമായിട്ടാവാം എന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. പ്രത്യേകിച്ച് വേദനയോ മറ്റു ബുദ്ധിമുട്ടുകളോ അനുഭവപ്പെടാതിരുന്നതും ഈ കുടവയറിനെ അവഗണിക്കാന്‍ കാരണമായി. എന്നാല്‍ വയര്‍ പരിധി വിട്ട് വളരാന്‍ തുടങ്ങുകയും വേദന അനുഭവപ്പെടുകയും ചെയ്തതോടെ ഇവര്‍ നാട്ടിലുള്ള ഒരു ഡോക്ടറെ പോയി കണ്ടു.
പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വസന്തയുടെ വയറ്റിലുള്ളത് മുഴയാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇത്രയും വലിപ്പമുള്ള മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും വസന്ത രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടി ആ ഡോക്ടര്‍ കൈയൊഴിഞ്ഞു.
ഭാര്യയുടെ ഈ ദുരവസ്ഥയില്‍ വസന്തയുടെ ഭര്‍ത്താവും ആകെ തകര്‍ന്നു.എന്തു ചെയ്യണം എന്നറിയാതെ നിരാശയിലായ അദ്ദേഹം ഒരിക്കല്‍ ബസ് യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. അന്ന് ആ ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ഉദരരോഗ ചികിത്സയ്ക്ക് പ്രശസ്തമായ കോയമ്പത്തൂരിലെ ആശുപത്രിയെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത്. അങ്ങനെ അവസാനശ്രമമെന്ന നിലയില്‍ വസന്തയും ഭര്‍ത്താവും കോയമ്പത്തൂരിലെത്തി.
ഡോ.സെന്തില്‍ കുമാര്‍, ഡോ.പീയുഷ്, ഡോ.അനിത, ഡോ.സതീഷ് കുമാര്‍ എന്നീ ഡോക്ടര്‍മാരുടെ സംഘമാണ് വസന്തയെ പരിശോധിച്ചത്. വളരെ കഷ്ടപ്പെട്ടു നടക്കുകയും ശ്വസിക്കുകയും ചെയ്യുന്ന വസന്തയെ അവര്‍ പലതരം പരിശോധനകള്‍ക്ക് വിധേയമാക്കി. സ്‌കാനിംഗില്‍ രോഗിയുടെ വയര്‍ പൂര്‍ണായും മുഴ വ്യാപിച്ചിരിക്കുന്നുവെന്ന് മനസ്സിലായി.
തങ്ങളെ കാണാനെത്തുമ്പോള്‍ അതീവ ദയനീയാവസ്ഥയിലായിരുന്നു വസന്തയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തനിക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് വളര്‍ന്നു മുഴ തന്റെ ജീവനും കൊണ്ടു പോകുമെന്ന ഭയം വസന്തയെ മാനസികമായി തളര്‍ത്തിയിരുന്നു. നടക്കാനും ശ്വാസമെടുക്കാനും ഭക്ഷണം കഴിക്കാനും വളരെ ബുദ്ധിമുട്ടായിരുന്നു. അസഹനീയമായ വേദനയും അവരെ അലട്ടി. ഓപ്പറേഷന്‍ ചെയ്താലും രക്ഷപ്പെടില്ല എന്ന അവരുടെ വിശ്വാസവും വെല്ലുവിളിയായിരുന്നു.
എല്ലാ അപകടസാധ്യതകളും മുന്നില്‍ കണ്ട് സര്‍വ്വസജ്ജരായാണ് ഡോക്ടര്‍മാര്‍ വസന്തയുടെ സര്‍ജറി നടത്തിയത്. രക്തയോടം തടസ്സപ്പെടാതിരിക്കുക, പരമാവധി രക്തചോര്‍ച്ച തടയുക എന്നിവയായിരുന്നു ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളി. ഇതിനായി കാലിനടിയില്‍ നിന്നും രക്തക്കുഴല്‍ വഴി രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്തു. ഏതാണ്ട് മൂന്ന് മണിക്കൂര്‍ എടുത്താണ് മുഴ പൂര്‍ണമായും ശരീരത്തില്‍ നിന്നും മുറിച്ചെടുത്തത്.
ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗിയുടെ ഭാരം 75 കിലോ ആയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ അത് 41.5 ആയി ചുരുങ്ങി. 33.5 കിലോ ഭാരമാണ് ആ മുഴക്ക് ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുഴ ബയോപ്‌സിക്ക് അയച്ചു. അണ്ഡാശയ ക്യാന്‍സറാണ് വസന്തയ്ക്ക് എന്നായിരുന്നു പരിശോധനാ ഫലം.
ഇതിനു മുന്‍പ് ഓപ്പറേഷനിലൂടെ പുറത്തെടുത്ത ഏറ്റവും വലിയ മുഴയ്ക്ക് ഭാരം 20 കിലോ ആണ്. ദില്ലി എയിംസിലും പോണ്ടിച്ചേരിയിലെ ഒരു ആശുപത്രിയിലും ഈ തൂക്കത്തില്‍ മുഴകള്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ അതിലും തൂക്കമേറിയതാണ് ഇവിടെ നീക്കം ചെയ്തത്. ഇതൊരു ലോകറെക്കോര്‍ഡാണ്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട അംഗീകാരം കിട്ടി കഴിഞ്ഞു ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് മുന്‍പിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്... ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.സെന്തില്‍ പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ വസന്തയെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു. അവരിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. എങ്കിലും ഇനിയും തുടര്‍ പരിശോധനകള്‍ ആവശ്യമാണ്. ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാത്തതിനാല്‍ അവര്‍ രക്ഷപ്പെടാനാണ് എല്ലാസാധ്യതയും... അഭിമാനത്തോടെ സെന്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam