
ദില്ലി: റഫാൽ ഇടപാടിന്റെ വിവരങ്ങൾ കേന്ദ്ര സർക്കാർ ഹർജിക്കാർക്ക് നൽകി. വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. റഫാലിൽ നയങ്ങൾ പാലിച്ചാണ് ഇടപാട് നടത്തിയതെന്ന് കേന്ദ്ര സർക്കാർ ആവര്‍ത്തിച്ചു. പ്രതിരോധ സാമഗ്രികൾ വാങ്ങാനുള്ള സമിതി 2015 മെയ് 13ന് കരാറിന് അനുമതി നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ വിലയും മറ്റ് തന്ത്രപ്രധാനവിവരങ്ങളും മുദ്രവച്ച കവറിൽ പത്ത് ദിവസത്തിനകം സമർപ്പിക്കാനായിരുന്നു കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതായിരുന്നു നിര്‍ദേശം. വിമാനങ്ങളുടെ വില, ആ വില നിശ്ചയിക്കാനുള്ള കാരണം, അതുകൊണ്ടുണ്ടായ നേട്ടം എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ ഉള്‍പ്പെടെ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
റഫാൽ ഇടപാടിൽ ഇന്ത്യയിലുള്ള പങ്കാളികളുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കാനും സുപ്രംകോടതി നിര്‍ദേശിച്ചിരുന്നു. ഇടപാടിന്‍റെ നടപടിക്രമങ്ങളും സർക്കാർ സുപ്രീംകോടതിയെ അറിയിക്കണം. ഒഫീഷ്യൽ സീക്രട്ട്സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് ഇത്തരത്തിൽ മുദ്രവച്ച കവറിൽ കോടതിയിൽ നൽകേണ്ടത്. പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ കഴിയുന്ന മറ്റ് വിവരങ്ങളെല്ലാം ഹർജിക്കാർക്ക് നൽകാനും കോടതി ഉത്തരവിട്ടു.
അതേസമയം റഫാൽ യുദ്ധ വിമാനത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങൾ പൂർണ്ണമായി സുപ്രീം കോടതിക്ക് നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. വിലവിവരം പുറത്താകുന്നത് ശത്രുരാജ്യങ്ങളെ സഹായിക്കുമെന്ന വാദം ഉന്നയിച്ചായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam