
ബംഗളുരു: കർണാടകത്തിൽ വിപ്പ് ലംഘിച്ച നാല് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ്. കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയാവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് കത്ത് നൽകി. ജെഡിഎസ് എംഎൽഎയോട് ബി എസ് യെദ്യൂരപ്പ കൂറുമാറാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി കുമാരസ്വാമി ഇതിന്‍റെ ശബ്ദരേഖ പുറത്തുവിട്ടു.
മുതിർന്ന നേതാവും മന്ത്രിയുമായ രമേഷ് ജർക്കിഹോളി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര, മഹേഷ് കുമട്ടളളി എന്നീ എംഎൽഎമാർക്കെതിരെയാണ് കോൺഗ്രസ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിക്കൊപ്പമെന്ന് കരുതുന്ന നാല് പേരും എവിടെയാണ് ഉളളതെന്ന് ഇപ്പോഴും വ്യക്തമല്ല. രണ്ടാഴ്ച മുമ്പ് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനെത്താൻ വിപ്പും നൽകി. മൂന്ന് ദിവസമായി സഭാ സമ്മേളനത്തിനും എംഎൽഎമാർ എത്തിയില്ല. വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ട് നടപടിയെടുക്കുകയാണെന്ന് കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി..
എംഎൽഎമാർ അയോഗ്യരാകുന്നതോടെ സഭയിലെ അംഗസംഖ്യ 220 ആകും. കോൺഗ്രസും ജെഡിഎസും ചേർന്നാൽ 113 അംഗങ്ങളുടെ പിന്തുണ. സർക്കാരിന് ഭീഷണിയുണ്ടാകില്ല. ഓപ്പറേഷൻ താമര ബിജെപി തുടരുകയാണെന്നാരോപിച്ചാണ് മുഖ്യമന്ത്രി കുമാരസ്വാമി യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്തുവിട്ടത്. ഗുർമിത്കൽ എംഎൽഎ നഗനഗൗഡയുടെ മകനുമായി യെദ്യൂരപ്പ ഇന്നലെ രാത്രി നടത്തിയ സംഭാഷണം. സ്പീക്കർ രമേഷ് കുമാറിന് അമ്പത് കോടി ബിജെപി വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി ആരോപിച്ചു. എല്ലാം അടിസ്ഥാനരഹിതമെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam