ശബരിമല സ്ത്രീപ്രവേശനം: റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും: വാദം ജനുവരി 22-ന്

Published : Nov 13, 2018, 03:51 PM ISTUpdated : Nov 13, 2018, 05:25 PM IST
ശബരിമല സ്ത്രീപ്രവേശനം: റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും: വാദം ജനുവരി 22-ന്

Synopsis

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുതിയ ബഞ്ച് തുറന്ന കോടതിയിൽ പരിഗണിക്കും. ജനുവരി 22-നാണ് തുറന്ന കോടതിയിൽ വാദം കേൾക്കുന്നത്. റിട്ട് ഹർജികളും ഇതോടൊപ്പം പരിഗണിക്കും.

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുതിയ ബഞ്ച് തുറന്ന കോടതിയിൽ പരിഗണിക്കും. ജനുവരി 22-നാണ് തുറന്ന കോടതിയിൽ വാദം കേൾക്കുന്നത്. റിട്ട് ഹർജികളും ഇതോടൊപ്പം പരിഗണിക്കും.. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും. 'തുറന്ന കോടതിയിൽ വാദം കേൾക്കും' എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

Read More: യുവതീപ്രവേശനം തടഞ്ഞില്ല: സുപ്രീംകോടതി ഉത്തരവിന്‍റെ പൂർണരൂപം വായിക്കാം

ചുരുങ്ങിയ സമയംകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് 50 പുനഃപരിശോധനാ ഹര്‍ജികളും പരിഗണിച്ച് തീരുമാനമെടുത്തത്. മൂന്ന് മണിക്ക് തന്നെ അഞ്ച് ജ‍ഡ്ജിമാരും ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലെത്തി ഇരുപത് മിനിറ്റുകൊണ്ട് ഹര്‍ജികളെല്ലാം പരിഗണിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മുറിയിലേക്ക് മടങ്ങി. ഉടനെ തന്നെ രജിസ്ട്രാര്‍ വിധിയില്‍ ഒപ്പുവെപ്പിക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ മുറിയിലെത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്‍റെ ഒപ്പോടെ വിധി സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. അരമണിക്കൂര്‍ കൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. 

Read More: എന്താണ് റിട്ട്, റിവ്യൂ ഹർജികൾ തമ്മിലുള്ള വ്യത്യാസം? ശബരിമല കേസിൽ കോടതിയിൽ നടന്നതെന്ത്?

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 50 പുനഃപരിശോധന ഹര്‍ജികളാണ് ബഞ്ച് പരിഗണിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നും ഭരണഘടന ബെഞ്ചിന്‍റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജികള്‍. പതിനാലാം അനുച്ഛേദം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ കോടതി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജിക്കാര്‍ കോടതിക്ക് മുമ്പാകെ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കിയിരുന്നു. 

പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് പരിഗണിച്ചത്. തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കണമെന്ന ആവശ്യം ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ചേംബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് ചരിത്രവിധി പുറപ്പെടുവിച്ചത്. ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് ഭൂരിപക്ഷ വിധിക്കെതിരായ വിധി പ്രസ്താവം എഴുതിയത്. 

ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് ബഞ്ചിലെ നാല് ജഡ്ജിമാരും ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  ജൈവീക, മാനസിക ഘടകങ്ങൾ തടസ്സമല്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്. ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

വിശദമായ വിശകലനം കാണാം:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ