അമര്‍ രഹേ വസന്തകുമാര്‍... ഹവീല്‍ദാര്‍ വസന്ത് കുമാര്‍ ഇനി ഓര്‍മ

Published : Feb 16, 2019, 10:12 PM ISTUpdated : Feb 16, 2019, 11:52 PM IST
അമര്‍ രഹേ വസന്തകുമാര്‍... ഹവീല്‍ദാര്‍ വസന്ത് കുമാര്‍ ഇനി ഓര്‍മ

Synopsis

സംസ്കാരചടങ്ങുകള്‍ വൈകുന്നത് ഒഴിവാക്കാന്‍ പൊതുദർശനം വെട്ടിചുരുക്കിയതോടെ ഒരുപാട് പേർക്ക് ധീരജവാന് യാത്രാമൊഴി നേരാൻ സാധിച്ചില്ല. 

ലക്കിടി: പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്ത് കുമാറിന്‍റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. ലക്കിടിയിലെ സമുദായ ശ്മശാനത്തിലാണ് സര്‍ക്കാര്‍ ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചത്. മന്ത്രിമാരടക്കമുള്ള ഉന്നതരാഷ്ട്രീയ നേതാക്കളെ കൂടാതെ ആയിരക്കണക്കിന് പേരാണ് രാജ്യത്തിനായി ജീവന്‍ ബലി നല്‍കിയ ധീരസൈനികന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. സംസ്കാരചടങ്ങുകള്‍ വൈകുന്നത് ഒഴിവാക്കാന്‍ പൊതുദർശനം വെട്ടിചുരുക്കിയതോടെ ഒരുപാട് പേർക്ക് ധീരജവാന് യാത്രാമൊഴി നേരാൻ സാധിച്ചില്ല. 

കരിപ്പൂർ വിമാനത്താവളം മുതൽ തൃക്കൈപ്പറ്റയിലെ പൊതുശ്മശാനം വരെ ജന്മനാട്ടിലെ വസന്തകുമാറിന്റെ അവസാനയാത്രയിലുടനീളം ആയിരങ്ങളാണ് അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചത്. സമുദായാചാരപ്രകാരം രാത്രി ഒൻപത് മണിക്ക് മുൻപ് മൃതദേഹം സംസ്കരിക്കണം എന്ന് വസന്ത് കുമാറിന്റെ ബന്ധുക്കൾ നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പരമാവധി വേ​ഗത്തിൽ മൃത​ദേഹം ശ്മാശനത്തിലേക്ക് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ആദരാജ്ഞലികൾ എത്തിക്കാനെത്തിയ വൻജനക്കൂട്ടം ഇതിന് തടസമായി. 

ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വസന്തകുമാറിന്‍റെ മൃതദേഹം എത്തിച്ചത്. വസന്തകുമാറിന്‍റെ ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മന്ത്രിമാരായ കെടി ജലീല്‍, എകെ ശശീന്ദ്രന്‍, എംപിമാരായ എം.കെ.രാഘവന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംഎല്‍എമാരായ ഷാഫി പറമ്പിൽ, അബ്ദുൾ ഹമീദ്, സികെ ശശീന്ദ്രൻ എന്നിവർ വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി കെടി ജലീലും ​ഗവർണർക്ക് വേണ്ടി മലപ്പുറം ജില്ലാ കളക്ടറും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. 

സിആർപിഎഫിന്റെ പ്രത്യേക വാഹനത്തിൽ വിലാപയാത്രയായിട്ടാണ് വയനാട്ടിലേക്ക് ഭൗതികദേഹം കൊണ്ടു പോയത്. വയനാട്ടിലെ ലക്കിടിയിലേക്കുള്ള വിലാപയാത്രക്കിടെ പലയിടത്തും വിലാപയാത്ര നിർത്തിവച്ച് ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകിയിരുന്നു. ആറ് മണിയോടെ ലക്കിടിയിലെ വസന്ത് കുമാറിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വീടിനകത്തേക്ക് മൃതദേഹം കൊണ്ടു വന്നപ്പോൾ അടുത്ത ബന്ധുക്കളേയും അപൂർവ്വം ചില കുടുംബസുഹൃത്തുകളേയും മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. 

ലക്കിടിയിലെ വീട്ടിൽ നിന്നും വസന്തകുമാർ പഠിച്ച ലക്കിടി എൽപി സ്കൂളിലേക്കാണ് മൃതദേഹം കൊണ്ടു പോയത്. ആയിരങ്ങളാണ് ഇവിടെ വസന്തകുമാറിന് ആദരാജ്ഞലികൾ അർപ്പിച്ചത്. ഒരു മണിക്കൂറോളം ഇവിടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ബന്ധുകളുടെ അഭ്യർത്ഥന മാനിച്ച് മുക്കാൽ മണിക്കൂർ കൊണ്ട് പൊതുദർശനം അവസാനിപ്പിച്ച് തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീട്ടിലേക്കെത്തിച്ചു. ഇവിടെ വച്ചാണ് സമുദായാചാര പ്രകാരമുള്ള ചടങ്ങുകൾ നടത്തിയത്. തറവാട് വീടിന് അടുത്തുള്ള ശമ്ശാനത്തിലേക്ക് കൊണ്ടു വന്ന ധീരജവാന്റെ ഭൗതികദേഹത്തിന് സൈനികരും കേരള പൊലീസും ബഹുമതി അർപ്പിച്ചു. പിന്നീട് ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി