മകന്റെയും മരുമകന്റെയും മുന്നിൽവച്ച് 34കാരനെ വെടിവച്ച് കൊന്നു; പ്രതിഷേധം ശക്തമാകുന്നു

By Web TeamFirst Published Oct 2, 2018, 5:36 PM IST
Highlights

അതേസമയം പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രദേശത്ത് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രൂപേഷിന്റെ കുടുംബാംഗങ്ങൾ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തി. രൂപേഷിന്റെ മൃത​ദേഹം തെരുവിൽ പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധം. 

​​ദില്ലി: മകന്റെയും മരുമകന്റെയും മുന്നിൽവച്ച് 34കാരനെ മയക്ക് മരുന്ന് മാഫിയ വെടിവച്ച് കൊന്നു. ദില്ലിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ തൈമൂർ നഗർ സ്വ​ദേശിയായ രൂപേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വീടിന് പുറത്ത് 12 വയസ്സുള്ള മകനും മരുമകനും കളിച്ചുകൊണ്ടിരിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു രൂപേഷ്. ഇതിനിടയിൽ രണ്ട് പേർ വീടിന് മുന്നിൽ എത്തുകയും ഇയാൾക്കുനേരെ വെടിയുതിർക്കുകയുമായിരുന്നു. രൂപേഷിന്റെ നെഞ്ചിലാണ് വെടിയേറ്റത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചിൻമോയ് ബിസ്വാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ 8.30 നും 8.40 നും ഇടയിലാണ് സംഭവം നടന്നത്.

അതേസമയം പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രദേശത്ത് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രൂപേഷിന്റെ കുടുംബാംഗങ്ങൾ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തി. രൂപേഷിന്റെ മൃത​ദേഹം തെരുവിൽ പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധം. 

മയക്കുമരുന്നുകൾ വിൽക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ആളാണ് രൂപേഷ്. അതിനാലാണ്  രൂപേഷിനെ കൊലപ്പെടുത്തിയതെന്നാണ് ​ബന്ധുക്കൾ ഉന്നയിക്കുന്നത്. പ്രദേശത്ത് ലഹരി മാഫിയകളുടെ ശല്യം അധികമായതിനെ തുടർന്ന് പലതവണ പരാതി നൽകിയെങ്കിലും ഇതിനെതിരെ വേണ്ട നടപടികളൊന്നും പൊലീസ് എടുത്തിട്ടില്ലെന്നും രൂപേഷിന്റെ സഹോദരൻ ഉമേഷ് ആരോപിച്ചു. 

എന്നാൽ ആളുമാറി രൂപേഷിന് നേരെ വെടി വയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വാദം. മയക്ക് മരുന്ന് വാങ്ങാനെത്തിയ ആളും പ്രതികളുമായി തർക്കമുണ്ടായി. ഇയാൾ രൂപേഷിന്റെ വീടിന് മുന്നിലാണ് ഒാടി എത്തിയത്. തുടർന്ന് ഇയാൾക്ക് നേരെ വെടിവയ്ക്കുന്നതിനിടയിൽ അബദ്ധത്തിൽ രൂപേഷിന് വെടി കൊണ്ടതെന്നുമാണ് പൊലീസ് പറഞ്ഞു.  പലചരക്ക് കട ഉടമയാണ് രൂപേഷ്.

സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. രൂപേഷിനെ അന്യായമായി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുകൾ വാഹനങ്ങൾ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. അക്രമണത്തിൽ‌ പരിക്കേറ്റ ഒരു പൊലീസുക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

click me!