
ദില്ലി: എല്‍എല്‍ബി പരീക്ഷാ പേപ്പറില്‍ 'ഹിന്ദുക്കള്‍ക്ക് മുന്നില്‍ വച്ച് പശുവിനെ കൊല്ലുന്ന മുസ്ലീം കുറ്റക്കാരനാണോ' എന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
ഗുരു ഗോവിന്ദ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. ചോദ്യപേപ്പര്‍ വിവാദമായതോടെ യൂണിവേഴ്സിറ്റിയും ആഭ്യന്തര സമിതിയെ നിയമിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് . ഡിസംബര്‍ ഏഴിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിലായിരുന്നു വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്.
പരീക്ഷ പേപ്പറിലെ ആദ്യ ചോദ്യം തന്നെ ഇതായിരുന്നു; '' ഹിന്ദുക്കളായ റോഹിത്, തുഷാര്‍ മാനവ്, രാഹുല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മുസ്ലീം ആയ അഹമ്മദ് മാര്‍ക്കറ്റില്‍ വച്ച് പശുവിനെ കൊല്ലുന്നു. അഹമ്മദ് ചെയ്തത് ക്രിമിനല്‍ കുറ്റമാണോ ? ''
നിയമത്തെ വികലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് ചോദ്യപേപ്പറിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബുലന്ദ്ഷഹര്‍ കൊലപാകതകത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു ചോദ്യം ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ഗുരു ഗോവിന്ദ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള പത്തോളം കോളേജുകളിലാണ് പരീക്ഷയ്ക്ക് ഈ ചോദ്യപേപ്പര്‍ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam