
ശ്രീനഗര്‍: കശ്മീരില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
കുടുംബാഗങ്ങളെ തട്ടികൊണ്ടുപോകുന്നത് ഭീകരരുടെ സമ്മര്‍ദ തന്ത്രം ആണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്. നേരത്തെ ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡുകള്‍ നടത്തി ഭീകരരുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് എന്ന് അധികൃതർ കരുതുന്നു. പുല്‍വാമ, അനന്തനാഗ്, കുല്‍ഗാം ജില്ലകളിലെ പൊലീസുകാരുടെ വീട്ടിലെത്തിയാണ് ഭീകരര്‍ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയത്.
ബുധനാഴ്ച ശ്രീനഗറിലെ ഒരു പൊലീസുദ്യോഗസ്ഥന്റെ മകനെയും മറ്റൊരാളുടെ സഹോദരനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഒരു കുടുംബം തങ്ങളുടെ മകനെ വിട്ട് തരണമെന്നും തങ്ങളോട് കരുണ കാണിക്കണമെന്നും ഭീകരരോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച പുൽവാമ ജില്ലയില്‍ ഒരു പൊലീസുകരനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അതേസമയം, ഭീകരര്‍ തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ വിവിധ പ്രദേങ്ങളിൽ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ഷോപിയാന്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുടനീളം പൊലീസ് റെയ്ഡുകളും പരിശോധനകളും നടന്നിരുന്നു. ഇതിനെതിരെ രണ്ട് തീവ്രവാദികളുടെ വീടുകൾ കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ വീട് കത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ 28 വർഷത്തിനിടെ കശ്മീരില്‍ ഇത് ആദ്യമായാണ് ഇത്തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഭീകരര്‍ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam