ശരിയത്ത് കോടതികള്‍ പോലെ രാജ്യത്തെ ആദ്യ ഹിന്ദു കോടതി രൂപീകരിച്ചു

By Web TeamFirst Published Aug 15, 2018, 7:21 PM IST
Highlights

അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറിയായ പൂജ ശകുന്‍ പാണ്ഡെയാണ് ആദ്യ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. ജയിലുകള്‍ നിര്‍മിക്കുന്നതിനൊപ്പം പരമാവധി ശിക്ഷ വധശിക്ഷയുമാക്കി നിജപ്പെടുത്തിയിരിക്കുന്നു

മിററ്റ്: മുസ്‍ലിമുകള്‍ക്കിടയിലുള്ള ശരിയത്ത് കോടതികള്‍ പോലെ രാജ്യത്തെ ആദ്യ ഹിന്ദു കോടതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ രൂപീകരിച്ചു. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹിന്ദു കോടതി രൂപീകരണത്തിന് പിന്നില്‍. ഹിന്ദു വിശ്വാസികളുടെ കാര്യങ്ങളില്‍ ഇടപെടാനാണ് കോടതി ആരംഭിച്ചതെന്നാണ് വിശദീകരണം. മിററ്റിലുള്ള പാര്‍ട്ടി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ആദ്യ ജഡ്ജി ചുമതലയേറ്റതായും ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ശരിയത്ത് കോടതികളുടെ നടത്തിപ്പിനെപ്പറ്റിയുള്ള ചില ചോദ്യങ്ങള്‍ തങ്ങള്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നതായി അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ വെെസ് പ്രസിഡന്‍റ് അശോക് ശര്‍മ പറഞ്ഞു. എല്ലാവര്‍ക്കും ഒരു ഭരണഘടന ആയിരിക്കണമെന്നും അതിനാല്‍ ശരിയത്ത് കോടതികള്‍ നിലനില്‍ക്കരുതെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്തും എഴുതിയിരുന്നു.

ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ക്കും ഇത്തരമൊരു കോടതി ആരംഭിക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാലാണ് ഇന്ന് ഇങ്ങനെ ഒരു കോടതി രൂപീകരിച്ചതെന്നും അശോക് ശര്‍മ പറഞ്ഞു. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറിയായ പൂജ ശകുന്‍ പാണ്ഡെയാണ് ആദ്യ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

ജയിലുകള്‍ നിര്‍മിക്കുമെന്നും പരമാവധി ശിക്ഷ വധശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഗാന്ധി ജയന്തി ദിനത്തില്‍ കോടതിയുടെ നിമയങ്ങള്‍ പ്രഖ്യാപിക്കാനാണ് തീരുമാനം. അതിന് ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ജഡ്ജിമാരെയും നവംബര്‍ 15ന് നിയോഗിക്കുമെന്നും ശര്‍മ വ്യക്തമാക്കി. 

click me!