അവസാന ലെെഫ് ജാക്കറ്റും യുവ നാവികന് നല്‍കി ക്യാപ്റ്റന്‍ മുല്ല മരണത്തെ വരിച്ചു; അനശ്വരമായ രക്തസാക്ഷിത്വത്തിന്‍റെ കഥ

By Web TeamFirst Published Aug 15, 2018, 5:54 PM IST
Highlights

മുങ്ങുന്ന ഷിപ്പില്‍ നിന്ന് എല്ലാവരും രക്ഷപ്പെട്ടോയെന്ന് ഉറപ്പിക്കാനാണ് മുല്ല ശ്രമിച്ചത്. ഒരു യുവ നാവികന് അവസാന ലെെഫ് ജാക്കറ്റും നല്‍കി മുല്ല ഇങ്ങനെ പറഞ്ഞു. പോകൂ... നിങ്ങളെ തന്നെ രക്ഷിക്കൂ... എന്നെപ്പറ്റി ഉത്കണ്ഠപ്പെടേണ്ട.

ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്നും തുടരുന്ന ശത്രുതയില്‍ ജീവന്‍ ബലി നല്‍കി ധീര രക്തസാക്ഷികളായവര്‍ നിരവധിയാണ്. ജനിച്ച മണ്ണിന് വേണ്ടി പൊരുതി മരണം വരിച്ച ധീരന്മാരുടെ സ്മരണകള്‍ ഓരോ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല. ഇന്ന് നാം കൊള്ളുന്ന തണല്‍ അവര്‍ കൊണ്ട വെയില്‍ മൂലമാണെന്ന ചിന്തയാണ് ഈ സ്വാതന്ത്ര്യ ദിനത്തിലുണ്ടാവേണ്ടത്. ഇന്ത്യന്‍ ചരിത്രം പഠിച്ചവര്‍ക്ക് അത്ര വേഗം മറക്കാവുന്ന പേരല്ല മഹേന്ദ്ര നാഥ് മുല്ലയുടേത്.

സ്വാര്‍ഥതയില്ലായ്മയ്ക്കും സ്വന്തം രാജ്യത്തോടുള്ള സ്നേഹത്തിനും പോരാട്ടവീര്യത്തിനും പര്യായമായി മാറുന്ന പേരാണ് മഹേന്ദ്ര നാഥ് മുല്ല. 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധകാലത്തെ പോരാട്ടത്തിന്‍റെ കഥയാണ് മുല്ലയുടേത്, ഒപ്പം ഐഎന്‍എസ് കുക്രിയുടേയും. പലരും വളച്ചൊടിച്ച ഐഎന്‍എസ് കുക്രിയുടെ ചരിത്രം അന്നത്തെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട റിട്ടയേര്‍ഡ് കമ്മാന്‍ഡോര്‍ എസ്.എന്‍. സിംഗ് ഓര്‍ത്തെടുക്കുകയാണ്.

1971 ഡിസംബര്‍ ഒമ്പത് രാത്രി 8.45നാണ് പാക്കിസ്ഥാന്‍റെ പിഎന്‍എസ് ഹാംഗോറില്‍ നിന്നുള്ള രണ്ട് ടോര്‍പിഡോ ഇന്ത്യന്‍ പടക്കപ്പലായ കുക്രിയില്‍ പതിച്ചത്. ഷിപ്പിനെ രക്ഷിക്കാന്‍ സാധിക്കുകയില്ലെന്ന് മുല്ല മനസിലാക്കി. ആറ് ഓഫീസര്‍മാരും 61 പേരും അന്ന് രക്ഷപ്പെട്ടു. പക്ഷേ, 18 ഓഫീസര്‍മാരും 178 പേരുമാണ് അന്ന് മരണപ്പെട്ടത്. അന്ന് രക്ഷപ്പെട്ടവര്‍ കണ്ട ഒരു കാഴ്ചയുണ്ട്. ഷിപ്പ് വെള്ളത്തിലേക്ക് താഴുമ്പോള്‍ നാല്‍പ്പത്തിയഞ്ചുകാരനായ ക്യാപ്റ്റന്‍ മുല്ല ഷിപ്പിന്‍റെ ബ്രിഡ്ജില്‍ ചുണ്ടില്‍ എരിയുന്ന ഒരു സിഗാറുമായി നില്‍ക്കുന്നു.

തന്‍റെ കൂടെയുള്ളവരെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് മുല്ല മരണം സ്വയം വരിച്ചത്. അനുഭവപരിചയമില്ലാത്ത നിരവധി പ്രായം കുറഞ്ഞവര്‍ അന്ന് ഷിപ്പിലുണ്ടായിരുന്നു. പക്ഷേ, പേടിയോ സംശയങ്ങള്‍ക്കോ ഇട നല്‍കാതെ ക്യാപ്റ്റന്‍ മുല്ല ഒപ്പം നിന്നു. ഐഎന്‍എസ് കുക്രിയെപ്പറ്റി റിട്ട. മേജര്‍ ജനറല്‍ ലാന്‍ കര്‍ഡോസോ തന്‍റെ സര്‍വെവേഴ്സ് സ്റ്റേറീസ് എന്ന പുസ്തകത്തില്‍ എഴുതിയത് ഇങ്ങനെയാണ്. മുങ്ങുന്ന ഷിപ്പില്‍ നിന്ന് എല്ലാവരും രക്ഷപ്പെട്ടോയെന്ന് ഉറപ്പിക്കാനാണ് മുല്ല ശ്രമിച്ചത്.

ഒരു യുവ നാവികന് അവസാന ലെെഫ് ജാക്കറ്റും നല്‍കി മുല്ല ഇങ്ങനെ പറഞ്ഞു. പോകൂ... രക്ഷപ്പെടൂ... എന്നെപ്പറ്റി ഉത്കണ്ഠപ്പെടേണ്ട. ഐഎന്‍എസ് കുക്രിയുടെ പതനത്തിന് ശേഷം ക്യാപ്റ്റന്‍ മുല്ലയുടെ നിര്‍ദേശങ്ങള്‍ പലതും ബുദ്ധിപൂര്‍വ്വം ആയിരുന്നില്ലെന്ന പല ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. സ്റ്റാഫുകള്‍ തയാറായിരുന്നില്ലെന്നുള്ള വിമര്‍ശനങ്ങളായിരുന്നു അധികവും. അന്ന് ഇരുപതുകാരനായിരുന്ന എസ്.എന്‍. സിംഗ് ഇതിനെയെല്ലാം നിരാകരിക്കുകയാണ്.

രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം കപ്പല്‍ ബോംബെ ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ടിട്ട് രണ്ട് ദിവസം മാത്രമേയായിട്ടുള്ളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഐഎന്‍എസ് കുക്രിയുടെ പതനത്തെപ്പറ്റി ചരിത്രകാരന്മാര്‍ പല തരത്തിലുള്ള വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. 1960കളുടെ ആദ്യം തന്നെ പാക്കിസ്ഥാന്‍ മൂന്ന് മുങ്ങിക്കപ്പലുകള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യ ആദ്യ മുങ്ങിക്കപ്പല്‍ വാങ്ങുന്നത് 1968ല്‍ മാത്രമാണ്. ഫ്രഞ്ച് നിര്‍മിത മുങ്ങിക്കപ്പലില്‍ നിന്നുള്ള ടോപിഡോയ്ക്ക് മുന്നിലാണ് കുക്രി കീഴടങ്ങിയത്. 

click me!