ഗൂഗിള്‍ ട്രെന്‍ഡ്: രാജസ്ഥാൻ തെരഞ്ഞടുപ്പിൽ സച്ചിന്‍ പൈലറ്റിനേക്കാളും കൂടുതല്‍ ആളുകൾ തിരഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യയെ

By Web TeamFirst Published Dec 14, 2018, 11:46 PM IST
Highlights

ഗൂഗിള്‍ ട്രെന്‍ഡ് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ച്ചയായി ‘മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്’ എന്ന വാക്കിനേക്കാൾ കൂടുതൽ തിരയപ്പെട്ടത്  ‘സച്ചിന്‍ പൈലറ്റിന്റെ ഭാര്യ’ എന്ന വാക്കാണ്. അതായത് രാജസ്ഥാനിലെ മുഖ്യമന്ത്രി ആരാണെന്നറിയുന്നതിനേക്കാൾ ഇന്ത്യക്കാരുടെ ആകാംക്ഷ സച്ചിന്റെ ഭാര്യ ആരെന്ന് അറിയാനായിരുന്നു. 

ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ മിന്നുന്ന വിജയം കോണ്‍ഗ്രസ് സ്വന്തമാക്കിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരാണ് സച്ചിന്‍ പൈലറ്റിന്റേത്. എന്നാൽ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയപ്പോഴും മികച്ച പ്രകടനം കാഴ്ച വച്ചപ്പോഴും സച്ചിന്‍ പൈലറ്റിനേക്കാളും ഇന്ത്യക്കാർ ഗൂഗിളില്‍ തിരഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ സാറാ പൈലറ്റിന്റെ പേരാണ്. 

ഗൂഗിള്‍ ട്രെന്‍ഡ് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ച്ചയായി ‘മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്’ എന്ന വാക്കിനേക്കാൾ കൂടുതൽ തിരയപ്പെട്ടത്  ‘സച്ചിന്‍ പൈലറ്റിന്റെ ഭാര്യ’ എന്ന വാക്കാണ്. അതായത് രാജസ്ഥാനിലെ മുഖ്യമന്ത്രി ആരാണെന്നറിയുന്നതിനേക്കാൾ ഇന്ത്യക്കാരുടെ ആകാംക്ഷ സച്ചിന്റെ ഭാര്യ ആരെന്ന് അറിയാനായിരുന്നു. 

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയുടെ മകളും ഒമര്‍ അബ്ദുളളയുടെ സഹോദരിയുമായ സാറായാണ് ഇദ്ദേഹത്തിന്റെ ഭാര്യ. സാറ അബ്ദുളള എന്നായിരുന്നു യഥാർത്ഥ പേര്. എന്നാൽ വിവാഹത്തിനുശേഷം സാറ പൈലറ്റ് എന്ന് പേര് സ്വീകരിക്കുകയായിരുന്നു. സച്ചിനും സാറയും ലണ്ടനിലാണ് പഠിച്ചത്. അവിടെവച്ചാണ് ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നത്. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ ഇവരുടെ വിവാഹത്തെ സാറയുടെ കുടുംബം എതിർത്തിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം ഇവരുടെ ബന്ധം സാറയുടെ വീട്ടുകാർ അംഗീകരിച്ചു. 

മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായിരുന്ന രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിന്‍ പൈലറ്റ്‌.  ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദവും അന്താരാഷ്ട്ര കാര്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ആളാണ് സാറ. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടില്‍ സാറ ജോലി ചെയ്തിട്ടുണ്ട്. 

ഇതുപോലെ,കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പേരായിരുന്നു നടി രാധികയുടേത്. ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രി പദത്തിലേറുന്ന എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യയാണ് രാധിക. 2006 ലാണ് രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം നടന്നത്. 

കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക് ഗലോട്ടിനെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന്‍ പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന്‍ പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്‍ പൈലറ്റ് തുടരും. ഡിസംബര്‍ 7ന് വോട്ടെടുപ്പ് നടന്ന രാജസ്ഥാനിലെ ഫലം 11നാണ് പ്രഖ്യാപിച്ചത്. 199 സീറ്റുകളില്‍ 99 എണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാതെ സഫാ എന്ന പാരമ്പര്യ തലക്കെട്ട് അണിയില്ലെന്ന് 2014 ൽ പരസ്യമായി എടുത്ത പ്രതിജ്ഞയുടെ ഫലമാണ് സച്ചിന് ഈ മിന്നുന്ന വിജയം നേടി കൊടുത്തത്. 

click me!