കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന കോൺ​ഗ്രസ് വാ​ഗ്ദാനം എത്രയും പെട്ടെന്ന് നടപ്പിലാക്കും: നിയുക്ത മുഖ്യമന്ത്രി കമൽനാഥ്

By Web TeamFirst Published Dec 14, 2018, 11:12 PM IST
Highlights

കാർഷിക മേഖലയുടെ ശാക്തീകരണം, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയായിരിക്കും തന്റെ സർക്കാർ മുൻ​ഗണന നൽകുകയെന്നും കമൽനാഥ് കൂട്ടിച്ചേർത്തു. 

ഭോപ്പാൽ: കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോൺ​ഗ്രസ് വാ​ഗ്ദാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് നിയുക്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. കാർഷിക മേഖലയുടെ ശാക്തീകരണം, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയായിരിക്കും തന്റെ സർക്കാർ മുൻ​ഗണന നൽകുകയെന്നും കമൽനാഥ് കൂട്ടിച്ചേർത്തു. 

''കോൺ​ഗ്രസിന് വോട്ട് നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അവരോടുള്ള വിശ്വാസം എന്നും കാത്തു സൂക്ഷിക്കും. കൃഷിയെ ആശ്രയിച്ച് നിലനിൽക്കുന്ന മധ്യപ്രദേശിന്റെ കാർഷിക മേഖലയ്ക്ക് പുനരുജ്ജീവനം നൽകാൻ സർക്കാർ മുൻകൈയെടുക്കും. സ്ത്രീകൾക്ക് സുരക്ഷയും യുവാക്കൾക്ക് തൊഴിലവസരങ്ങളും നൽകും.'' മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കമൽനാഥ് പറഞ്ഞു. 

മധ്യപ്രദേശിന്റെ 18ാമത് മുഖ്യമന്ത്രിയായിരിക്കും കമൽനാഥ്. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പിൽ 230 ൽ 114 സീറ്റാണ് കോൺ​ഗ്രസിന് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺ​ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടത്. 

click me!