ശബരിമല സംഘര്‍ഷം: എങ്ങനെ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടേയെന്ന് ഹൈക്കോടതി

By Web TeamFirst Published Oct 30, 2018, 12:01 PM IST
Highlights

ശബരിമല ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാറിന്‍റെ വിവേചനാധികാരത്തില്‍ ഇപെടില്ലെന്ന് ഹൈക്കോടതി. 

കൊച്ചി: ശബരിമല ആക്രമണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാറിന്‍റെ വിവേചനാധികാരത്തില്‍ ഇപെടില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ സുരക്ഷ സര്‍ക്കാരിന്റെ വിവേചനാധികാരമാണ്.  കോടതിക്ക് ഇടപെടുന്നതിന് പരിമിതിയുണ്ട്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നൽകാനാകില്ലെന്നും വീഴ്ചകള്‍ വന്നാൽ ചൂണ്ടിക്കാട്ടാനേ കോടതിക്കാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നടന്ന അക്രമ സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ രാജേന്ദ്രനാണ് അന്വേഷണം ആവശ്യപ്പെട്ടത്. രഹ്ന ഫാത്തിമ എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഐജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ സർക്കാർ ഇടപെടരുത് എന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി  ഹൈക്കോടതി പരിഗണിച്ചു.സർക്കാരിന് സെക്കുലർ സ്വഭാവം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. 

ലക്ഷക്കണിക്കിന് തീര്‍ഥാടകര്‍ വരുന്ന ശബരിമലയില്‍ സര്‍ക്കാറിന്‍റെ ഇടപെടല്‍ പൂര്‍ണമായി തടയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദേശം കൊടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ശബരിമലയിൽ തീർഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ നിന്ന് മറച്ചുവയ്ക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. തീരുമാനങ്ങൾ യഥാസമയം അറിയിക്കാൻ സർക്കാറിനോടും ദേവസ്വം ബോർഡിനോടും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.


 

click me!