വ്യാജമദ്യദുരന്തം; മരണം 159; അസമിൽ മദ്യമൊഴുകുന്ന വഴികൾ

By Web TeamFirst Published Feb 25, 2019, 5:14 PM IST
Highlights

ഔദ്യോഗിക കണക്ക് പ്രകാരം ഗൊലഗാട്ട് ജില്ലയിൽ ഇന്നലെ ആറുമണിക്കുള്ളിൽ മരിച്ചത് 87 പേരാണ്. അതിൽ 51 പേരുടെ പോസ്റ്റ്‍മോർട്ടം നടന്നു കഴിഞ്ഞു. ചികിത്സയിലിരിക്കുന്ന 160 ആളുകളിൽ 16 പേരുടെ സ്ഥിതി ഗുരുതരവുമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലർ മണിക്കൂറുകൾക്ക് മുമ്പ് മദ്യം കഴിച്ചവരാണ്

അസം: രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാജ മദ്യ ദുരന്തത്തെയാണ് അസം നേരിടുന്നത്. മരിച്ചത് 159 പേർ. മരണനിരക്ക് മണിക്കൂറുകൾക്കിടയിലാണ് കൂടുന്നത്. അപ്പോഴും അസമിലെ തേയിലത്തോട്ടങ്ങളിൽ വ്യാജമദ്യത്തിന്‍റെ ഒഴുക്ക് നിർബാധം തുടരുകയാണ്. വ്യാജമദ്യം കഴിച്ചുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ നടന്നിട്ടുള്ള  ഗൊലഗാട്ട്, ജോർഹാത്ത്  ജില്ലകളിലെ ആശുപത്രികൾ വ്യാജമദ്യം കഴിച്ച് ശാരീരീക അസ്വസ്ഥതകളോടെ എത്തുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്‍യും മറ്റ് കോൺഗ്രസ് നേതാക്കളും അസംബ്ലിക്കകത്ത് പ്ലക്കാർഡുയർത്തി ഈ വിഷയം ഉന്നയിക്കുകയും മരണം നിർബാധം തുടരുന്നത് ബിജെപി സർക്കാരിന്‍റെ പരാജയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെത്തുടർന്ന് സംസ്ഥാനത്തെ വ്യാജമദ്യകേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് പൊലീസ് 20000 ലിറ്റർ വ്യജമദ്യം പിടിച്ചെടുത്തു. 39 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഫോറൻസിക് വിദഗ്‍ധരുടെ സംഘം പിടിച്ചെടുത്ത മദ്യത്തിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കെടുത്തിരിക്കുകയാണ്.

മഹീന്ദ്ര തെലങ്ക എന്ന അസംകാരൻ മരിച്ചത് തന്‍റെ സഹോദരൻ വ്യാജമദ്യം കഴിച്ച് മരിച്ചതിന്‍റെ ചടങ്ങുകൾ അവസാനിച്ച് മണിക്കൂറുകൾക്കുള്ളിലാണ്. കാരണം വ്യാജമദ്യം തന്നെ. സഹോദരന്‍റെ മരണത്തിലെ വിഷമം കുറയ്ക്കാൻ വേണ്ടി അയാൾ കൂടുതൽ മദ്യം കഴിക്കുകയായിരുന്നു. അത്രമേൽ ഇത്തരം വ്യാജമദ്യത്തിന് അടിമപ്പെട്ട് ആളുകൾ തുടരെത്തുടരെ മരിയ്ക്കുമ്പോഴും അധികൃതർ അനങ്ങാതെയിരിക്കുന്നതിൽ പ്രതിഷേധിച്ച് കുറച്ച് നാട്ടുകാർ ചേർന്ന് ഹാൽമിറ എസ്റ്റേറ്റിലെ നിയമവിരുദ്ധമദ്യനിർമാണ കേന്ദ്രം റെയിഡ് ചെയ്തിരുന്നു. നൂറ് ലിറ്ററോളം വ്യാജമദ്യം പിടിച്ചെടുക്കാനും അത് നിർമിച്ച അഞ്ചോളം പേരെ പൊലീസിലിലേൽപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു.  

എന്നാൽ ഇത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ അസാമിൽ പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. എക്സൈസ് ഡിപ്പാർട്ട്മെന്‍റും പൊലീസും ഇക്കാര്യം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. 

ഔദ്യോഗിക കണക്ക് പ്രകാരം ഗൊലഗാട്ട് ജില്ലയിൽ ഇന്നലെ ആറുമണിക്കുള്ളിൽ മരിച്ചത് 87 പേരാണ്. അതിൽ 51 പേരുടെ പോസ്റ്റ്‍മോർട്ടം നടന്നുകഴിഞ്ഞു. ചികിത്സയിലിരിക്കുന്ന 160 ആളുകളിൽ 16 പേരുടെ സ്ഥിതി ഗുരുതരവുമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലർ മണിക്കൂറുകൾക്ക് മുന്നെ മദ്യം കഴിച്ചവരാണ്. ഇത് വെളിവാക്കുന്നത് മരണസംഖ്യ ക്രമാതീതമായി ഉയരുമ്പോഴും അന്വേഷണം ശക്തമാക്കുന്നുവെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും അസമിലെ തേയിലത്തോട്ടങ്ങളിൽ ഇപ്പോഴും വ്യാജമദ്യം ഒഴുകുകയാണ്. 

click me!