സമൂഹമാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ ഇടപെടരുത്: ട്വിറ്ററിന് കേന്ദ്രത്തിന്‍റെ കർശന നിർദേശം

By Web TeamFirst Published Feb 25, 2019, 5:10 PM IST
Highlights

രാജ്യത്തെ തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിന് ട്വിറ്റർ  തടസ്സം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ബിജെപി എംപി അനുരാഗ് ഠാക്കൂർ അധ്യക്ഷനായ സമിതി ട്വിറ്റർ മേധാവികൾക്ക് നിർദേശം നൽകി.

ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ  സമൂഹമാധ്യമങ്ങളിലൂടെ വിദേശ ഇടപെടൽ ഉണ്ടാകരുതെന്ന് ട്വിറ്റർ അധികൃതർക്ക് പാർലമെന്‍ററി കമ്മിറ്റിയുടെ നിർദേശം. ട്വിറ്ററിന്‍റെ പബ്ലിക്ക് പോളിസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് കോളിൻ ക്രോവെലുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ട്വിറ്റർ അധികൃതർക്ക് പാർലമെന്‍ററി കമ്മിറ്റി നിർദേശം നൽകിയത്  
 
ട്വിറ്ററുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടികാണിക്കുന്ന പരാതികൾ വേഗത്തിൽ പരിഹരിക്കണം. രാജ്യത്തെ തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിന് ട്വിറ്റർ തടസ്സം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ബിജെപി എംപി അനുരാഗ് ഠാക്കൂർ അധ്യക്ഷനായ സമിതി ട്വിറ്റർ മേധാവികൾക്ക് നിർദേശം നൽകി.

ട്വിറ്റർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും വലതുപക്ഷ വിരുദ്ധ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്നും കാണിച്ച് പാർലമെന്‍ററി കമ്മിറ്റിയിൽ പരാതി സമർപ്പിക്കപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ട്വിറ്റ‌ർ അധികൃതരോട് പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാനും വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് ട്വിറ്ററിന്‍റെ പബ്ലിക്ക് പോളിസി ഗ്ലോബൽ വൈസ് പ്രസിഡന്‍റായ കോളിൻ ക്രോവെൽ പാർലമെന്‍ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരായത്. പരാതിയുമായി ബന്ധപ്പെട്ട് കോളിൻ ക്രോവെലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ചർച്ച മൂന്നര മണിക്കൂറോളം നീണ്ടു നിന്നു. ട്വിറ്ററിനെതിരെ ഉയർന്ന പരാതിയിൽ തങ്ങളുടെ വാദങ്ങൾ രേഖാമൂലം സമർപ്പിക്കാനായി ട്വിറ്ററിന്10 ദിവസത്തെ സമയവും പാർലമെന്‍ററി സമിതി അനുവദിച്ചിട്ടുണ്ട്.

click me!