
ദില്ലി: എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട് 5 മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യം സുപ്രീം കോടതി തള്ളി. മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലാണ് തീരുമാനം. കേസ് പുനെ പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻ വിൽക്കർ എന്നിവർ വിധിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.
വിമത ശബ്ദം തല്ലിക്കടുത്തുന്നതിന് വേണ്ടി മാത്രമാണ് അറസ്റ്റ് എന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് ഭൂരിപക്ഷ വിധിയിൽ പറയുന്നു. മനുഷ്യാവകാര പ്രവർത്തകരുടെ വീട്ടുതടങ്കൽ നാല് ആഴ്ച കൂടി നീട്ടുകയും ചെയ്തു. മറ്റ് നിയമ നടപടികൾക്കായി ഇവർക്ക് കീഴ് കോടതിയെ സമീപിക്കാം. കേസിൽ സ്വതന്ത്ര അന്വേഷണം അതാവശ്യമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധിയിൽ പറയുന്നു. പൂനെ പൊലീസിന്റെ അന്വേഷണം സ്വതന്ത്രമല്ല എന്ന് വ്യക്തമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
മഹാരാഷ്ട്ര പൊലീസാണ് അഞ്ച് പൗരവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. റോമില ഥാപര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്നായിക് എന്നിവര്‍ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി തയ്യാറാക്കിയെന്നും, ഭിമ - കൊരേഗാവ് കലാപം ആസൂത്രണം ചെയ്തെന്നും ആരോപിച്ചായിരുന്നു കവി വരവര റാവു ഉൾപ്പടെയുളളവരെ ഓഗസ്റ്റ് 28ന് പൊലീസ് അറസ്റ്റ് ചെയ്തത്. എന്ത് അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാൻ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി മഹാരാഷ്ട്ര പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരിപ്പോഴും വീട്ടു തടങ്കലിൽ തുടരുകയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam