വ്യാപാരത്തിൽ പാകിസ്ഥാൻ 'സൗഹൃദരാജ്യ'മല്ലാതാകുമ്പോൾ: പാക് സാമ്പത്തിക വ്യവസ്ഥയെ ഇത് എങ്ങനെ ബാധിക്കും?

Published : Feb 15, 2019, 11:44 PM IST
വ്യാപാരത്തിൽ പാകിസ്ഥാൻ 'സൗഹൃദരാജ്യ'മല്ലാതാകുമ്പോൾ: പാക് സാമ്പത്തിക വ്യവസ്ഥയെ ഇത് എങ്ങനെ ബാധിക്കും?

Synopsis

പുൽവാമയിൽ 39 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ പാകിസ്ഥാനുള്ള വ്യാപാരത്തിലെ 'സൗഹൃദരാജ്യ'പദവി ഇന്ത്യ എടുത്തു കളഞ്ഞു. പാക് സാമ്പത്തിക വ്യവസ്ഥയിൽ കാര്യമായ ചലനമുണ്ടാക്കുന്ന നീക്കമാണിത്. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകൾ നൽകുന്ന 'സൗഹൃദരാജ്യ'പദവി റദ്ദാക്കി ഇന്ത്യ. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് പാകിസ്ഥാനുള്ള 'സൗഹൃദരാജ്യപദവി' (Most Favoured Nation) പദവി റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇന്ത്യയുടെ ഈ തീരുമാനം. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ 'ജയ്ഷ് ഇ മുഹമ്മദി'ന്‍റെ പ്രവർത്തകനായ തീവ്രവാദി നടത്തിയ ഈ ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന കാര്യം ഇന്ത്യ ആവർത്തിക്കുന്നു. പാകിസ്ഥാൻ തുടരുന്ന ഈ നിഴൽ യുദ്ധം അവസാനിപ്പിക്കാൻ കൂടിയാണ് ഇന്ത്യയുടെ ഈ കടുത്ത നടപടി.

എന്താണ് 'സൗഹൃദരാജ്യ'പദവി?

ലോക വ്യാപാര സംഘടനയുടെ കീഴിലുള്ള ഒരു സംഘം രാജ്യങ്ങളുമായി വ്യാപാരബന്ധം ലളിതമാക്കുന്നതാണ് 'സൗഹൃദരാജ്യപദവി'. 1994-ൽ നിലവിൽ വന്ന ഗാട്ട് വ്യാപാരക്കരാറിലെ ആദ്യവ്യവസ്ഥകളിലൊന്നാണിത്. 

ഒരു രാജ്യം മറ്റൊരു രാജ്യത്തിന് 'സൗഹൃദരാജ്യ'പദവി നൽകുമ്പോൾ വ്യാപാരബന്ധത്തിൽ ഇളവുകളും, ആനുകൂല്യങ്ങളും, വ്യാപാരക്കരാറുകളുടെ കുരുക്കുകളിൽ നിന്നുള്ള മോചനവുമാണ് നൽകുന്നത്. 1996-ലാണ് ഇന്ത്യ പാകിസ്ഥാന് സൗഹൃദരാജ്യ പദവി നൽകിയത്.

എന്നാൽ പാകിസ്ഥാൻ അത്തരത്തിൽ പൂർണമായ ഒരു സൗഹൃദരാജ്യപദവി ഇന്ത്യക്ക് തിരികെ നൽകിയിട്ടില്ല. ഇന്ത്യയിൽ നിന്ന് 1209 ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ടു താനും. വാഗാ, അഠാരി അതിർത്തി വഴി 138 ഉത്പന്നങ്ങൾ മാത്രമേ റോഡ് മാർഗം പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യാവൂ.

ഇനി, പാകിസ്ഥാന് ഇന്ത്യയുടെ അത്തരം ഒരു ഇളവുകളും ഉണ്ടാകില്ല. 

'സൗഹൃദരാജ്യ'ത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ

2011 നവംബർ 2-ന് ഇന്ത്യക്ക് തിരികെ സമ്പൂർണ സൗഹൃദരാജ്യപദവി നൽകാൻ പാകിസ്ഥാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഇതുവരെയും അത് നടപ്പായിട്ടില്ല. 2012 മാർച്ചിൽ ഇന്ത്യയിൽ നിന്ന് കൊണ്ടുവരാനാകാത്ത വസ്തുക്കളുടെ ഒരു ലിസ്റ്റ് പാകിസ്ഥാൻ പുറത്തിറക്കി. ആ ലിസ്റ്റിന് പുറത്തുള്ള എന്തും ഇന്ത്യയിൽ നിന്ന് കൊണ്ടുവരാമെന്നായിരുന്നു ചട്ടം. 

9/11 ഉൾപ്പടെയുള്ള ഭീകരാക്രമണങ്ങളുണ്ടായപ്പോൾ പാകിസ്ഥാനുമായുള്ള സൗഹൃദരാജ്യപദവി എടുത്തു കളയണമെന്ന് രാജ്യത്ത് ശക്തമായ ആവശ്യമുയർന്നതാണ്. എന്നാൽ അത്തരമൊരു കടുത്ത തീരുമാനം ഇന്ത്യ ഒരിക്കലും സ്വീകരിച്ചില്ല. 

ഇത് പാകിസ്ഥാനെ എങ്ങനെ ബാധിക്കാം?

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യാപാരം പ്രധാനമായും കെമിക്കൽ വസ്തുക്കളും പരുത്തിയുമാണ്. മരുന്നുൾപ്പടെയുള്ള അവശ്യവസ്തുക്കളും വസ്ത്രങ്ങൾക്കുള്ള പരുത്തിയും പാകിസ്ഥാനിലേക്ക് പോകുന്നത് കുറഞ്ഞാൽ രാജ്യത്തെ ഈ രണ്ട് വ്യവസായങ്ങളെയും അത് ബാധിച്ചേക്കാം. വിലക്കയറ്റത്തിനും ഇത് വഴിവയ്ക്കാൻ സാധ്യതയുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിലെ അനധികൃത ഇടപാടുകൾ കൂട്ടാനും ഇത് വഴി വച്ചേക്കും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം