
ബംഗളൂരു: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മയില്‍ തേങ്ങുകയാണ് രാജ്യം മുഴുവനും. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ, മകനെ, സഹോദരനെ അങ്ങനെ ഉറ്റവരെ നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ് വീരജവാന്മാരുടെ കുടുംബങ്ങള്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ എച്ച് ഗുരുവിന്‍റെ ഭാര്യ കടുത്ത വേദനയില്‍ പോലും സര്‍ക്കാരിന് മുന്നില്‍ അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ്.
തന്‍റെ ഭര്‍ത്താവിനെ എങ്ങനെയാണോ കൊലപ്പെടുത്തിയത്, അതേ പോലെ തന്നെ അവരെയും കൊല്ലണമെന്ന് ഗുരുവിന്‍റെ ഭാര്യ കലാവതി ന്യൂസ് 18നിനോട് പറഞ്ഞു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ മാഥൂറില്‍ നിന്നുള്ള ജവാനാണ് ഗുരു. ഭീകരാക്രമണം നടന്ന ദിവസം രാത്രി 11ഓടെയാണ് കലാവതി കാര്യങ്ങള്‍ അറിയുന്നത്.
വ്യാഴാഴ്ച ഗുരുവിന്‍റെ ഫോണ്‍ കോള്‍ കലാവതിക്ക് വന്നിരുന്നു. എന്നാല്‍, ജോലികള്‍ക്കിടയില്‍ അത് കണ്ടില്ല. അല്‍പസമയത്തിന് ശേഷം തിരികെ വിളിച്ചെങ്കിലും ഗുരുവിന്‍റെ നമ്പര്‍ പരിധിക്ക് പുറത്തായിരുന്നു. അവസാനമായി തന്‍റെ ഭര്‍ത്താവിനോട് സംസാരിക്കാനുള്ള അവസരം പോലും വിധി തട്ടിയെടുത്തുവെന്ന് കലാവതി കണ്ണീരോടെ പറഞ്ഞു.
അതിര്‍ത്തിയില്‍ ജവാന്മാര്‍ മരിക്കുന്നതിനെതിരെയും കലാവതി പ്രതികരിച്ചു. എപ്പോഴും അതിര്‍ത്തി കാക്കുന്നവര്‍ കൊല്ലപ്പെടുന്നെങ്കില്‍ അവരെ വീടുകളിലേക്ക് തിരിച്ച് അയക്കണം. കുറഞ്ഞ പക്ഷം അവരുടെ കുടുംബങ്ങളെ നോക്കാന്‍ എങ്കിലും സാധിക്കും.
ഗുരു ശ്രീനഗറില്‍ ആയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പുല്‍വാമയിലേക്ക് പോകുന്നുവെന്നത് തന്നെ അറിയിച്ചിരുന്നില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല തരം അവസ്ഥകളില്‍ ഗുരു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനായി പോരാടിയ തന്‍റെ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുന്നു. എന്നാല്‍, ഗുരുവിനെ സംരക്ഷിക്കാന്‍ ആര്‍ക്കുമായില്ലെന്നും കലാവതി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam