
ദില്ലി: മുത്തലാഖ് ബില്ല് രാജ്യസഭ പാസാക്കിയില്ലെങ്കിൽ വീണ്ടും ഓര്‍ഡിനൻസ് കൊണ്ടു വരുമെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ രാജ്യസഭ വീണ്ടും ബില്ല് പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുത്തലാഖിൽ രാഷ്ട്രീയ ലക്ഷ്യം സംശയമില്ലാതെ വ്യക്തമാക്കുകയാണ് സർക്കാർ. സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ പ്രമേയത്തിലും വോട്ടെടുപ്പ് ഉണ്ടാവില്ല എന്ന് വ്യക്തമാകുകയാണ്.
ബില്ല് വോട്ടിനിട്ട് പരാജയപ്പെട്ടാൽ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന പ്രചരണം നടത്താം എന്നാണ് സർക്കാർ കരുതുന്നത്. ഇത് മനസ്സിലാക്കിയാണ് ബില്ലിന്മേലുള്ള വോട്ടെടുപ്പിന് പകരം സെലക്ട് കമ്മിറ്റി പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പ് ആവശ്യപ്പെടുന്നത്. ഇരുപക്ഷവും നിലപാട് കടുപ്പിക്കുമ്പോൾ അടുത്ത അഞ്ചു ദിവസവും തൽസ്ഥിതി തുടരും. ഈ മാസം വീണ്ടും ഓര്‍ഡിനൻസ് പുറപ്പെടുവിച്ചാൽ ബജറ്റ് സമ്മേളനത്തിലും പകരം ബില്ല് സർക്കാരിന് കൊണ്ടു വരണം.
ലോക്സഭയിൽ റഫാൽ വിഷയത്തിലെ ചർച്ച നാളെ അജണ്ടയിൽ ഉൾപ്പെടുത്തി. കോൺഗ്രസ് അംഗം കെ സി വേണുഗോപാൽ ത്രിപുരയിലെ സിപിഎം എംപി ശങ്കർപ്രസാദ് ദത്ത എന്നിവരുടെ നോട്ടീസാണ് അംഗീകരിച്ചത്. ശീതകാലസമ്മേളനത്തിന്‍റെ അവസാന നാളുകളിൽ മുത്തലാഖ്, റഫാൽ വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് പാർലമെൻറ് വേദിയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam