ന്യൂസ് മിനിറ്റിന്‍റെയും ക്വിന്‍റിന്‍റെയും ഓഫീസില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

By Web TeamFirst Published Oct 11, 2018, 1:30 PM IST
Highlights

ദി ന്യൂസ് മിനിറ്റിന്‍റെയും ദി ക്വിന്‍റിന്‍റെയും ഓഫീസിലും സ്ഥാപകനായ രാഘവ് ബാലിന്‍റെ വസതിയിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് അധികൃതര്‍ വിശദകീരിച്ചു. നെറ്റ് വര്‍ക്ക് 18 , ദി ക്വിന്‍ സ്ഥാപകനാണ് രാഘവ് ബാല്‍.

ദില്ലി: പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ദി ന്യൂസ് മിനിറ്റിന്‍റെയും ദി ക്വിന്‍റിന്‍റെയും ഓഫീസിലും സ്ഥാപകനായ രാഘവ് ബാലിന്‍റെ വസതിയിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് അധികൃതര്‍ വിശദകീരിച്ചു. എന്നാല്‍, പിന്നില്‍ ഗൂഢലക്ഷ്യങ്ങളെന്ന് രാഘവ് ബാല്‍ ആരോപിച്ചു‍. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോപിച്ച രാഘവ് ബാല്‍, എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ പിന്തുണ തേടി. 

നോയിഡയ്ക്കു സമീപത്തെ വീട്ടിൽ അതിരാവിലെ പരിശോധനയ്ക്കെത്തിയ സംഘം നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളുമാണു തിരഞ്ഞത്. ക്വിന്റിലിയോണ്‍ നിക്ഷേപം നടത്തുന്ന ദി ന്യൂസ് മിനുട്ടിന്റെ ബാംഗ്ളൂരിലെ ഓഫീസിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തി. നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിനാവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കാനായിരുന്നു പരിശോധന എന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

രാഘവിന്‍റെ ഉടമസ്ഥതയിലുള്ള ക്വിന്‍റ് കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന മാധ്യമസ്ഥാപനമായിരുന്നു. ക്വിന്‍റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാല്‍. രാഘവ് ബാല്‍ ന്യൂസ് 18 ചാനല്‍ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികണ്‍ട്രോള്‍, ബുക്ക്‌മൈഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോര്‍ട്ടലുകള്‍ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ന്യൂസ് 18 ചാനല്‍ ശൃംഖല ഒന്നാകെ വാങ്ങിയത്‌.

ഇതിനിടെ, കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ 54 കോടി രൂപയുടെ സ്വത്തുക്കൾ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎൻഎക്സ് മീഡിയാ കേസുമായി ബന്ധപ്പെട്ടാണ് നടപടി. നിയമപരമായ നടപടിയല്ലെന്നും തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് ഉദ്ദേശ്യമെന്നും കാർത്തി ചിദംബരം പ്രതികരിച്ചു.
 

click me!