
അഹമ്മദാബാദ്: അനുവാദമില്ലാതെ ഭര്‍ത്താവിന്‍റെ മൂന്ന് വര്‍ഷത്തെ അക്കൗണ്ട് വിവരങ്ങള്‍ ഭാര്യക്ക് നല്‍കിയതിന് ബാങ്കിന് പിഴയിട്ടു. അഹമ്മദാബാദ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് നടപടി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 10,000 രൂപ നഷ്ടപരിഹാരമായി പരാതിക്കാരന് നല്‍കണം.
ദിനേശ് പംനാനി എന്നയാളാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍റെ സര്‍ദാര്‍നഗര്‍-ഹാന്‍സോള്‍ ബ്രാഞ്ചിന്‍റെ നടപടിക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര സെല്ലിനെ സമീപിച്ചത്. തന്‍റെ വിവാഹമോചന കേസ് കോടതിയിലാണെന്നും ബാങ്ക് നല്‍കിയ രേഖകള്‍ ഇത് വിജയിക്കാനായി ഭാര്യ ഉപയോഗപ്പെടുത്തുമെന്നും ദിനേശ് വാദിച്ചു.
കഴിഞ്ഞ മേയ് ആറിന് തന്‍റെ അക്കൗണ്ടില്‍ നിന്ന് 103 രൂപ പിന്‍വലിക്കപ്പെട്ടതായുള്ള സന്ദേശം ഫോണില്‍ ലഭിച്ചു. ഇത് എന്തിനാണെന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് അക്കൗണ്ട് വിവരങ്ങള്‍ ഭാര്യ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ നല്‍കിയതിനുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കിയതാണെന്ന് അറിഞ്ഞത്.
എന്നാല്‍, തന്‍റെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ മറ്റാര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് ബാങ്ക് നടപടിയെ ദിനേശ് ചോദ്യം ചെയ്തു. ബാങ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. ഉപഭോക്താവിന്‍റെ ഏജന്‍റ് എന്ന നിലയില്‍ വന്നയാള്‍ക്കാണ് അക്കൗണ്ട് വിവരങ്ങള്‍ കെെമാറിയതെന്നും ബാങ്ക് നല്‍കുന്ന സര്‍വീസുകള്‍ കൂടുതല്‍ ഉപകാരമാകട്ടെ എന്നോര്‍ത്താണ് ഇങ്ങനെ ചെയ്തതെന്നും ബാങ്ക് വാദിച്ചു.
ഇതുമൂലം അക്കൗണ്ടിന് ഒരുവിധ പ്രശ്നങ്ങളുമുണ്ടായിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍, അനുവാദമില്ലാതെ ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ ബാങ്കിന് അധികാരമില്ലെന്ന് ദിനേശിന്‍റെ അഭിഭാഷകന്‍ നിലപാടെടുത്തു. ഈ വാദങ്ങള്‍ മുന്‍നിര്‍ത്തിയും ഒരു അക്കൗണ്ട് ഉടമയുടെ സ്വകാര്യമായ കാര്യങ്ങള്‍ പങ്കുവെച്ചതിനുമാണ് 10,000 രൂപ നഷ്ടപരിഹാരമായി ദിനേശിന് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam