മീ ടു ക്യാംപെയ്ൻ സ്ത്രീകൾക്ക് ജയിക്കാനുള്ള കുറുക്കുവഴി; പ്രസ്താവനയുമായി ബിജെപി വനിത നേതാവ്

By Web TeamFirst Published Oct 15, 2018, 3:08 PM IST
Highlights

സ്ത്രീകൾ ജയിക്കാൻ വേണ്ടി മീ ടുവിനെ കൂട്ടു പിടിച്ചിരിക്കുകയാണ്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ധാര്‍മ്മിക മൂല്യങ്ങള്‍ അടിയറ വെക്കുകയാണ് ഇതിലൂടെ അവർ ചെയ്യുന്നത്. ഇത്തരത്തിൽ നേടിയെടുക്കുന്ന വിജയം തികച്ചും അർത്ഥ ശൂന്യവും നിലനിൽക്കാത്തതുമാണ്-; ഉഷാ താക്കൂർ പറഞ്ഞു. 

ഇൻഡോർ: മീ ടു ക്യാംപെയ്നെതിരെ ആരോപണവുമായി ബിജെപി വനിത നേതാവ് ഉഷാ താക്കൂർ രം​ഗത്ത്. സ്ത്രീകൾക്ക് ജയിക്കാനുള്ള  കുറുക്കു വഴിയാണ് മീ ടുവെന്നാണ് താക്കൂറിന്റെ ആരോപണം. പ്രശസ്തിക്ക് വേണ്ടിയാണ് ചില സ്ത്രീകൾ സമൂഹത്തിലെ ഉന്നതർക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും  അവർ പറഞ്ഞു. ഇൻഡോറിൽ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താക്കൂർ.

സ്ത്രീകൾ ജയിക്കാൻ വേണ്ടി മീ ടുവിനെ കൂട്ടു പിടിച്ചിരിക്കുകയാണ്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ധാര്‍മ്മിക മൂല്യങ്ങള്‍ അടിയറ വെക്കുകയാണ് ഇതിലൂടെ അവർ ചെയ്യുന്നത്. ഇത്തരത്തിൽ നേടിയെടുക്കുന്ന വിജയം തികച്ചും അർത്ഥ ശൂന്യവും നിലനിൽക്കാത്തതുമാണ്-; ഉഷാ താക്കൂർ പറഞ്ഞു. കേന്ദ്ര സഹമന്ത്രി എംജെ അക്​ബറിനെതിരെ  ലൈം​ഗീകാരോപണങ്ങൾ ഉയർന്ന് വന്ന സാഹചര്യത്തിലാണ് താക്കൂറിന്റെ വിവാദ പ്രസ്താവന. അക്ബറിനെതിരെ ഒമ്പതോളം മാധ്യമപ്രവർത്തകരാണ് ആരോപണവുമായി രം​ഗത്തെത്തിയത്.

അതേ സമയം വിദേശ പര്യടനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അക്ബർ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലയെന്ന നിലപാടാണ്  സ്വീകരിച്ചത്.  തനിക്കെതിരെ ഉള്ള ആരോപണങ്ങൾ നിയമ പരമായി തന്നെ നേരിടുമെന്നും അരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടകേസ് നൽകാൻ ഒരുങ്ങുകയാണെന്നും  സഹമന്ത്രി അറിയിച്ചു. എന്നാൽ അക്ബറിന് എതിരായ പരാതികളിൽ ഉറച്ച് നിൽക്കുകയാണെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു. പോരാട്ടം തുടരുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
 

click me!