എം ജെ അക്ബറിൽ നിന്ന് മീ ടൂ ദുരനുഭവം തുറന്നുപറ‍ഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് ജാമ്യം

By Web TeamFirst Published Feb 25, 2019, 3:44 PM IST
Highlights

'സത്യമാണ് എന്‍റെ പ്രതിരോധം', എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ ജാമ്യം നേടിയ ശേഷം മാധ്യമപ്രവർത്തക പ്രിയ രമാണി പ്രതികരിച്ചു. 

ദില്ലി: മുൻ കേന്ദ്രമന്ത്രിയും പ്രമുഖ മാധ്യമപ്രവർത്തകനുമായ എം ജെ അക്ബറിൽ നിന്നുണ്ടായ മീ ടൂ അനുഭവം തുറന്നു പറഞ്ഞ മാധ്യമപ്രവർത്തക പ്രിയാ രമാണിക്ക് ജാമ്യം. എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ ദില്ലി പട്യാല ഹൗസ് കോടതിയാണ് പ്രിയാ രമാണിക്ക് ജാമ്യം അനുവദിച്ചത്. 

'സത്യമാണ് എന്‍റെ പ്രതിരോധം' എന്നായിരുന്നു ജാമ്യം നേടിയ ശേഷം മാധ്യമപ്രവർത്തക പ്രിയ രമാണി പ്രതികരിച്ചത്. 

പതിനായിരം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാൻ പ്രിയാ രമാണിയോട് കോടതി ആവശ്യപ്പെട്ടു. കേസ് ഇനി ഏപ്രിൽ 10-നാണ് പരിഗണിക്കുക. 

ദ് വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ ഉൾപ്പടെ ഒരു സംഘം മുതിർന്ന മാധ്യമപ്രവർത്തകരും വനിതാ മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മയായ എൻഡബ്ല്യുഎംഐ അംഗങ്ങളും പ്രിയയ്ക്ക് ഒപ്പം കോടതിമുറിയിലെത്തിയിരുന്നു.

: Court grants bail to Priya Ramani in defamation case by M.J. Akbar https://t.co/JLY1jevn75 pic.twitter.com/TBJug0PsA8

— The Wire (@thewire_in)

എല്ലാ തവണയും കേസിൽ വാദം കേൾക്കുമ്പോൾ കോടതിയിലുണ്ടാകണമെന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്ന് പ്രിയാ രമാണി വാദിച്ചു. മോശം അനുഭവം തുറന്നു പറഞ്ഞതിന്‍റെ പേരിൽ എപ്പോഴും കോടതി കയറിയിറങ്ങുമ്പോൾ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പ്രിയ വ്യക്തമാക്കി.

എന്നാൽ ഇതിനെ എം ജെ അക്ബറിന്‍റെ അഭിഭാഷകൻ എതിർത്തു. കോടതി ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും എത്താൻ എം കെ അക്ബർ തയ്യാറാണെന്നും അതേ ഉത്തരവാദിത്തം പ്രിയാ രമാണിക്കുമുണ്ടെന്നുമായിരുന്നു അഭിഭാഷകന്‍റെ വാദം. ഇന്ന് എം ജെ അക്ബർ കോടതിയിലെത്തിയിരുന്നില്ല.

പ്രിയാ രമാണിയും തുഷിതാ പട്ടേലുമുൾപ്പടെ എം ജെ അക്ബർ എഡിറ്ററായിരുന്ന മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന മൂന്നിലധികം പേർ മോശം അനുഭവങ്ങളുണ്ടായെന്ന് തുറന്ന് പറഞ്ഞിരുന്നു. തുടർച്ചയായി മീ ടൂ ആരോപണങ്ങൾ നേരിടേണ്ടി വന്ന പശ്ചാത്തലത്തിൽ എം ജെ അക്ബറിനോട് കേന്ദ്രസർക്കാർ രാജി ആവശ്യപ്പെടുകയായിരുന്നു.

I began this piece with my MJ Akbar story. Never named him because he didn’t “do” anything. Lots of women have worse stories about this predator—maybe they’ll share. https://t.co/5jVU5WHHo7

— Priya Ramani (@priyaramani)
click me!