
ദില്ലി: സിബിഐ ഡയറക്ടർ എൻ നാഗേശ്വരറാവുവിനെതിരായ കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് എൻ വി രമണയും പിൻമാറി. ഇത് മൂന്നാം തവണയാണ് കേസിൽ നിന്ന് ജഡ്ജിമാർ തുടർച്ചയായി പിൻമാറുന്നത്. നേരത്തേ ചീഫ് ജസ്റ്റിസും രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എ കെ സിക്രിയും കേസിൽ നിന്ന് പിൻമാറിയിരുന്നു.
കാരണമൊന്നും വ്യക്തമാക്കാതെയാണ് ജസ്റ്റിസ് എൻ വി രമണ കേസ് പരിഗണിച്ചപ്പോൾത്തന്നെ ബഞ്ചിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിച്ചത്. ഇനി കേസ് പരിഗണിക്കേണ്ടത് ആരെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കണം. രഞ്ജൻ ഗൊഗോയിയും ബഞ്ചിൽ നിന്ന് പിൻമാറുന്നതിന് കാരണമറിയിച്ചിരുന്നില്ല.
പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ ചീഫ് ജസ്റ്റിസ് കേസിൽ നിന്ന് പിൻമാറിയത്. ഇതിന് ശേഷമാണ് രണ്ടാം നമ്പർ കോടതിയിൽ ജസ്റ്റിസ് സിക്രിയുടെ മുന്നിലേക്ക് ഈ കേസെത്തുന്നത്.
ഇത്തരത്തിൽ കേസിൽ നിന്ന് ജഡ്‍ജിമാർ പിൻമാറുന്നത് ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അതിനാൽ തന്നെ കേസ് പരിഗണിക്കണമെന്നും ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും ഇത് ജസ്റ്റിസ് സിക്രി പരിഗണിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam