
കോഴിക്കോട്: കിര്‍ത്താഡ്സിലെ ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ മന്ത്രി എ കെ ബാലന്‍റെ പ്രൈവറ്റ് സെക്രട്ടറി നിയമിതനായത് കേരള സര്‍വ്വീസ് റൂളിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കുള്ള പഴുതുപയോഗിച്ച്. സ്പെഷ്യല്‍റൂള്‍ നിലവില്‍ വന്നതോടെ തസ്തികയില്‍ തുടരാനുള്ള യോഗ്യത ഇല്ലാതിരുന്നിട്ടും 8 വര്‍ഷത്തോളം ഡപ്യൂട്ടി ഡയറക്ടര്‍ കിര്‍ത്താഡ്സില്‍ തസ്തികയില്‍ എ മണിഭൂഷണ്‍ തുടരുകയായിരുന്നു.
അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ താല്‍ക്കാലിക സംവിധാനമെന്ന നിലക്കാണ് റൂള്‍ 9 A 1 ഉപയോഗിക്കേണ്ടത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരമായി നിയമിതരായവര്‍ക്കോ ,എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിതരായവര്‍ക്കോ മാത്രമാണ് ചട്ടം ബാധകമാകുക . റൂള്‍ 9a 1 പ്രകാരം നിയമിതരായവരെ ദീര്‍ഘകാലം തസ്തികയില്‍ തുടരാന്‍ അനുവദിക്കരുതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ കിര്‍ത്താഡ്സില്‍ 1993ല്‍ റിസര്‍ച്ച് അസിസ്റ്റന്‍റായി താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിതനായ മണിഭൂഷന്‍ 95ല്‍ ലക്ചറര്‍ പോസ്റ്റിലെത്തുകയും രണ്ടായിരത്തി ആറില്‍ അതേ യോഗ്യതയില്‍ ഡപ്യൂട്ടി ഡയറക്ടറാവുകയുമായിരുന്നു.
കേരള സര്‍വ്വീസ് റൂള്‍ 9 a 1 2006 ല്‍ ഡപ്യൂട്ടി ഡയറക്ടര്‍ നിയമിതനായ മണിഭൂഷണ്‍ 2014 വരെ ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ കിര്‍ത്താഡ്സില്‍ തുടര്‍ന്നു. 2007 ല്‍ കിര്‍ത്താഡ്സ് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നെങ്കിലും അത് മറികടന്നും തുടരുകയായിരുന്നു. കിര്‍ത്താഡ്സ് സ്പെഷ്യല്‍ റൂള്‍ പ്രകാരം ബിരുദാന്തര ബിരുദവും, പിഎച്ച്ഡിയുമാണ് ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികക്ക് വേണ്ട യോഗ്യതകള്‍.
എന്നാല്‍ ആന്ത്രപോളജിയില്‍ ബിരുദാനന്തര ബിരുദം മാത്രമാണ് മണിഭൂഷണുള്ള യോഗ്യത. കിര്‍ത്താഡ്സിനു ശേഷം പിന്നാക്ക വിഭാഗ വികസന വകുപ്പിലും മണിഭൂഷണ്‍ ഡപ്യൂട്ടി ഡയറക്ടറായി തുടര്‍ന്നാണ് മന്ത്രി എ കെ ബാലന്‍റെ അസിസ്റ്റന്‍ഡ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുന്നത്. മതിയായ യോഗ്യതയില്ലാത്തവര്‍ കിര്‍ത്താഡ്സില്‍ തുടര്‍ന്നിട്ടും ഇടത് വലത് സര്‍ക്കാരുകള്‍ ആ നിയമനങ്ങള്‍ക്ക് നേരെ കണ്ണടക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam