Asianet News MalayalamAsianet News Malayalam

അനധികൃത കരിമണല്‍ ഭൂമി സ്വകാര്യകമ്പനിയിൽ നിന്നും തിരിച്ചു പിടിക്കാതെ ആലപ്പുഴ ജില്ലാ ഭരണകൂടം

ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഉള്‍പ്പെടുന്ന മേഖലയാകെ കരിമണലാൽ സമ്പന്നമാണ്. നേരത്തെ തന്നെ സ്വകാര്യ കമ്പനികള്‍ ഇവിടം ഭൂമി വ്യാപകമായി വാങ്ങിക്കൂട്ടിയിരുന്നു. അങ്ങനെയാണ് ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കെആര്‍ഇഎംഎല്ലും ഇവിടേക്കെത്തുന്നത്. തിരദേശത്തെ റോഡിന് അപ്പുറം കടലിനോട് ചേര്‍ന്ന കരിമണല്‍ നിറഞ്ഞ 60  ഏക്കറിലേറെ ഭൂമിയാണ് കെആര്‍എംഎല്‍ സ്വന്തമാക്കിയത്. 

alapuzha revenue officials freezed action against illegally occupied land
Author
Alappuzha, First Published Feb 23, 2019, 11:02 AM IST

ആലപ്പുഴ: ശശീധരന്‍ കര്‍ത്തയുടെ കമ്പനിയായ കെആര്‍ഇഎംഎല്‍ ഭൂപരിധി നിയമം ലംഘിച്ച് കൈവശം വെച്ചിരിക്കുന്ന  45 ഏക്കര്‍ തിരിച്ചുപിടിക്കാനുള്ള താലൂക്ക് ലാന്‍ഡ്ബോര്‍ഡിന്‍റെ അന്തിമ തീരുമാനത്തില്‍ ഉത്തരവ് പുറത്തിറക്കാതെ ആലപ്പുഴ കലക്ട്രേറ്റ് അട്ടിമറിച്ചു. അമൂല്യ ധാതുസമ്പത്തുള്ള കരിമണല്‍ നിറഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനം ഫയലില്‍ എഴുതിയതിന് നാലാം ദിവസം ലാന്‍ഡ്ബോര്‍ഡ് ചെയര്‍മാനും ആലപ്പുഴ ഡപ്യൂട്ടി കലക്ടറുമായ അതുല്‍ സ്വാമിനാഥിനെ സ്ഥലം മാറ്റി.

വിവാദഭൂമി തിരിച്ചു പിടിക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറയുമ്പോൾ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്നാണ് കമ്പനിയുടെ നിലപാട്. ആറാട്ടുപുഴ ഭാ​ഗത്ത് ശശീധരൻ കർത്തയുടെ കമ്പനി ഏക്കറുകണക്കിന് ഭൂമിയാണ് വാങ്ങി കൂട്ടിയത്. ഒന്നാം തരം കരിമണലാണ് ഈ പ്രദേശത്തുള്ളത്. 

ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഉള്‍പ്പെടുന്ന മേഖലയാകെ കരിമണലാൽ സമ്പന്നമാണ്. നേരത്തെ തന്നെ സ്വകാര്യ കമ്പനികള്‍ ഇവിടം ഭൂമി വ്യാപകമായി വാങ്ങിക്കൂട്ടിയിരുന്നു. അങ്ങനെയാണ് ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കെആര്‍ഇഎംഎല്ലും ഇവിടേക്കെത്തുന്നത്. തിരദേശത്തെ റോഡിന് അപ്പുറം കടലിനോട് ചേര്‍ന്ന കരിമണല്‍ നിറഞ്ഞ 60  ഏക്കറിലേറെ ഭൂമിയാണ് കെആര്‍എംഎല്‍ സ്വന്തമാക്കിയത്. 

അധികം വൈകാതെ ഭൂമി അനധികൃതമാണെന്നും ഭൂപരിധി ലംഘിച്ചിട്ടുണ്ടെന്നും കാണിച്ച് പരാതികളെത്തി. പ്രദേശം ഉള്‍പ്പെടുന്ന കാര്‍ത്തികപ്പള്ളി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പരാതികളിൽ കേസെടുത്ത് നടപടികള്‍ തുടങ്ങി. ഒടുവില്‍ പതിന‍ഞ്ച് ഏക്കര്‍ ഭൂമി മാത്രം കൈവശം വെക്കാന്‍ അധികാരമുള്ള കമ്പനിയുടെ കയ്യില്‍ 45 ഏക്കര്‍ ഭൂമി ഉള്ളത് അനധികൃതമാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. കേരളാ ഭൂപരിഷ്കരണ നിയമമനുസരിച്ച് ഈ ഭൂമി പിടിച്ചെടുക്കാനുള്ള നടപടിക്ക് ശുപാർശ വന്നു. തുടർന്ന് താലൂക്ക് ലാന്‍ഡ് ബോര്‍‍ഡ് ഹിയറിംഗ് നടത്തി അധികമുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനവുമെടുത്തു. 

കേസിൽ അവസാന ഹിയറിംഗ് നടന്ന 2018  ഏപ്രില്‍ മാസം മുപ്പതിന് അന്നത്തെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ആലപ്പുഴ എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറുമായിരുന്ന അതുല്‍ സ്വാമിനാഥ് ഹിയറിംഗ് തീരുമാനപ്രകാരം കരട് ഉത്തരവ് തയ്യാറാക്കണമെന്ന് ഫയലില്‍‍ കുറിച്ചു. തിരിച്ചുപിടിക്കുമ്പോള്‍ ഏത് ഭൂമിയാണ് ഒഴിവാക്കേണ്ടത് എന്ന് കാണിക്കാന്‍ കമ്പനിക്ക് നോട്ടീസ് നല്‍കണമെന്നും ഫയലിലുണ്ട്. ഈ തീരുമാനമെടുത്ത് നാലാമത്തെ ദിവസം അതുലിനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചുമതലയിലേക്ക് മാറ്റി. പിന്നീട് ഒന്നും നടന്നില്ല. ഉത്തരവ് പുറത്തിറക്കാനുള്ള നോട്ട് ഫയലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ഒന്നാകുന്നു. അട്ടിമറിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഭൂമി തിരിച്ചുപിടിക്കാന്‍ അടിയന്തര ഇടപെടലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ്  ഇതേക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഇപ്പോൾ പറയുന്നത്. 

അതേ സമയം പതിനഞ്ച് ഏക്കര്‍ ഭൂമി മാത്രമേ കമ്പനിക്ക് കൈവശം വെക്കാന്‍ അധികാരമുള്ളൂ എന്ന് തീരുമാനമെടുത്ത കഴിഞ്ഞ ഏപ്രില്‍ മുപ്പതിലിലെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കാനാവില്ലെന്നുമായിരുന്നു കെആര്‍ഇഎംഎല്‍ ചീഫ് ജനറല്‍ മാനേജര്‍ കെ രാമാമൃതത്തിന്‍റെ നിലപാട്.

Follow Us:
Download App:
  • android
  • ios