
ജലന്ധർ: എട്ട് ലക്ഷത്തോളം പേർ താമസിക്കുന്ന നഗരത്തിൽ പുലി ഇറങ്ങി. മലയിറങ്ങിയ പുലി ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത് ആറ് മണിക്കൂർ. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയാണ് മലയിറങ്ങി പുലി നഗരത്തിലെത്തിയത്.
പുലിയെ കെണിവച്ച് പിടികൂടുന്നതിനിടയിലാണ് ആളുകൾ ആക്രണണത്തിന് ഇരയായത്. പുലിയെ കാണാനെത്തിയവർക്കും പരുക്കേറ്റിടുണ്ട്. സമീപത്തെ വയലിലേക്ക് പുലിയെ ഓടിച്ച് വിടാനായി ജനങ്ങള്‍ കല്ലെറിഞ്ഞതാണ് കാര്യങ്ങള്‍ വഷളാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുലി ആളുകളുടെ മേല്‍ ചാടി വീഴുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഹിമാചല്‍പ്രദേശില്‍ നിന്നും കാടുകളും വയലും കടന്നാണ് പുലി ജലന്ധറിലെത്തിയതെന്ന് പഞ്ചാബ് വന്യജീവി വകുപ്പ് പറയുന്നു. പുലിയെ ആദ്യം കെണിവച്ച് വലയില്‍ കുരുക്കിയെങ്കിലും വല കടിച്ച് മുറിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു വീടിനുള്ളിൽ പുലിയെ ഓടിച്ച് കയറ്റിയതിനുശേഷം മയക്ക് വെടിവച്ച് പിടികൂടുകയായിരുന്നു. പുലിയെ ഛാത്ബിര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.
അതേസമയം പുലിയെ കാണാന്‍ ആളുകള്‍ തടിച്ച് കൂടിയത് പുലിയെ പിടികൂടുന്നതിന് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കി. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് നഗരത്തിലെ ചിലയിടങ്ങൾ പൊലീസ് തടഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam