സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ്; ശബരിമലയിൽ കയറാതെ ലിബി മടങ്ങി, സർക്കാരിനെതിരെ കേസ് കൊടുക്കും

By Web TeamFirst Published Oct 17, 2018, 4:32 PM IST
Highlights

സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ എത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മടങ്ങി. പൊലീസ് മടങ്ങി പോകാന്‍ ആവശ്യപ്പെട്ടുവെന്ന് ലിബി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, ഫേസ്ബുക്കിലൂടെ മതസ്പർദ്ധ ഉണ്ടാക്കിയെന്ന് ആരോപിച്ച് ലിബിക്കെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. 

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ശബരിമലയിൽ കയറാതെ മടങ്ങി. മടങ്ങി പോകാന്‍ പൊലീസാണ് ആവശ്യപ്പെട്ടുതെന്ന് ലിബി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞുവെന്ന് ലിബി പറഞ്ഞു. അതേസമയം, സി.എസ് ലിബിക്കെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. പത്തനംതിട്ടയിലും കൊല്ലത്തുമാണ് പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെ മതസ്പർദ്ധ ഉണ്ടാക്കിയെന്നാണ് പരാതി. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

'എനിക്ക് മടങ്ങിപ്പോകാൻ യാതൊരു താല്‍പര്യവുമില്ലായിരുന്നു. പക്ഷേ, പൊലീസ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അവര്‍ക്ക്  അതിന് സാധ്യമല്ല, ഫോഴ്സില്ല. അതുകൊണ്ട് അവരാണ് എന്നോട് ആവശ്യപ്പെട്ടത് മടങ്ങിപ്പോകാൻ. പൊലീസ് പറയുന്നത്, ഇവിടെ സംഘര്‍ഷാവസ്ഥയാണ്, ആവശ്യത്തിന് ഫോഴ്സില്ല നിങ്ങളെ ശബരിമലയില്‍ എത്തിക്കുക എന്നത് പൊലീസുകാരുടെ ഡ്യൂട്ടിയല്ല, അല്ലെങ്കില്‍ സുരക്ഷയ്ക്കുള്ള ഉത്തരവ് വാങ്ങി വരണമായിരുന്നു എന്നെല്ലാമാണ്'- ലിബി പറഞ്ഞു. 

അതേസമയം, ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയായ ലിബി ഇന്ന് രാവിലെയാണ് ശബരിമലയിലേക്കുള്ള യാത്രാമധ്യേ പമ്പയിലേക്ക് പോകാനായി പത്തനംതിട്ട ബസ് സ്റ്റാന‍്‍ഡില്‍ എത്തിയത്. ലിബി സിഎസിനെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തടഞ്ഞതിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്. ശബരിമല കയറുമെന്ന് വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം.

click me!