'മമത ത്സാന്‍സി റാണിയല്ല'; കിം ജോംഗ് ഉന്നിനെ പോലെയെന്ന് കേന്ദ്ര മന്ത്രി

By Web TeamFirst Published Feb 8, 2019, 5:24 PM IST
Highlights

നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെ പുതിയ കാലത്തിന്‍റെ ത്സാന്‍സി റാണി എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, മമതയ്ക്ക് ആ വിശേഷണങ്ങള്‍ അല്ല ചേരുന്നതെന്നും അവര്‍ ഒരു പിശാചാണെന്നും ഗിരിരാജ് പറഞ്ഞു

ദില്ലി: ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിക്കുന്ന മമത ബാനര്‍ജിയെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. നേരത്തെ, തൃണമൂല്‍ കോണ്‍ഗ്രസ് മമത ബാനര്‍ജിയെ പുതിയ കാലത്തിന്‍റെ ത്സാന്‍സി റാണി എന്ന് വിശേഷിപ്പിച്ചിരുന്നു.

എന്നാല്‍, മമതയ്ക്ക് ആ വിശേഷണങ്ങള്‍ അല്ല ചേരുന്നതെന്നും അവര്‍ ഒരു പിശാചാണെന്നും ഗിരിരാജ് പറഞ്ഞു. ആളുകളെ കൊല്ലുന്ന കിം ജോംഗ് ഉന്നിനെ പോലെയാണ് മമതയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ത്സാന്‍സി റാണിയോടുള്ള താരതമ്യം ആ ബുദ്ധികൂര്‍മതയുള്ള രാജ്ഞിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ, തൃണമൂല്‍ നേതാവ് ദിനേശ് ദ്രിവേദിയാണ് മമതയെ പുതിയ കാലത്തിന്‍റെ ത്സാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത്.

2013 മുതൽ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന  ശാരദ ചിട്ടി ഫണ്ട് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിന്‍റെ വസതിയിലേക്ക് ചോദ്യം ചെയ്യാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതോടെ ദേശീയരാഷ്ട്രീയത്തെ മൊത്തം ഇളക്കിമറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. കൂടാതെ,  ബിജെപി നേതാക്കളുടെ ഹെലികോപ്റ്ററുകള്‍ക്ക് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി കൊടുക്കാതെ ബിജെപി വിരുദ്ധ ചേരിയിലെ ശക്തമായ മുഖമായി മാറാനും മമതയ്ക്ക് സാധിച്ചു. 

click me!