
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുളക് പൊടിയാക്രമണം. ദില്ലി സെക്രട്ടറിയേറ്റിൽ നിന്നും കെജ്രിവാൾ മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അക്രമം. അനിൽ കുമാർ ശർമ്മ എന്നയാളാണ് കാൽ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ സമീപത്തെത്തി മുഖത്തിന് നേർക്ക് മുളക് പൊടി എറിഞ്ഞത്. ഇയാൾ ഒരു കയ്യിലൊരു കത്തും മറുകയ്യിൽ മുളകുപൊടിയും കരുതിയിരുന്നു. 'താങ്കളാണെന്റെ ഏക പ്രതീക്ഷ' എന്ന് പറഞ്ഞാണ് ഇയാൾ കെജ്രിവാളിന്റെ കാൽ തൊട്ടു വന്ദിക്കാനൊരുങ്ങിയത്. കുനിഞ്ഞ് നിവർന്ന് തത്ക്ഷണം മുഖത്തേയ്ക്ക് മുളക് പൊടി എറിയുകയായിരുന്നു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട നിലത്ത് വീണുടഞ്ഞു. സുരക്ഷയിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ സംഭവത്തിന് കാരണമെന്ന് ആപ്പ് വക്താവ് രൂക്ഷഭാഷയിൽ വിമർശിച്ചു. അക്രമി കൂടുതൽ അപകടകരമായ ആയുധമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ എന്ത് ചെയ്യാൻ സാധിക്കുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മുളകുപൊടി എറിഞ്ഞ അനിൽകുമാർ ശർമ്മ ദില്ലി സ്വദേശിയാണ്. ഇതിന് മുമ്പും കെജ്രിവാളിന് നേരെ അക്രമണമുണ്ടായിട്ടുണ്ട്. ചെരിപ്പും ഷൂവും മഷിയും എറിഞ്ഞാണ് കെജ്രിവാളിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനെതിരെ ആംആദ്മി നേതാക്കൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam