
ദില്ലി: രാജ്യത്തെങ്ങും ആഞ്ഞടിക്കുന്ന മീറ്റൂ കൊടുങ്കാറ്റിൽ അടിപതറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ. മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ അക്ബറിനെതിരെ മാധ്യമപ്രവർത്തകയായ പ്രിയ രമണിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകരെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി സമീപിക്കുന്നയാളാണ് അക്ബർ എന്നാണ് തന്റെ ട്വിറ്ററിലൂടെ പ്രിയ രമണി വെളിപ്പെടുത്തിയിരിക്കുന്നത്. ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റരാണ് പ്രിയ രമണി.
വോഗ് മാഗസിനിൽ തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വളരെ വ്യക്തമായി പ്രിയ എഴുതിയിട്ടുണ്ട്. ഒരിക്കൽ തൊഴിലുമായി ബന്ധപ്പെട്ട് എം.ജെ അക്ബറുമായി ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിന് എത്തേണ്ടി വന്നു. വളരെ മോശം അനുഭവമാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്ന് പ്രിയ രമണി തുറന്നെഴുതുന്നു. തനിക്ക് കുടിക്കാൻ സോഫ്റ്റ് ഡ്രിംഗ്സ് നൽകിയതിന് ശേഷം തൊട്ടടുത്തിരിക്കാൻ ആവശ്യപ്പെട്ടതായി വോഗിലെ ലേഖനത്തിൽ പ്രിയ എഴുതിയിട്ടുണ്ട്. ലോകത്തിലെ ഹാർവ്വി വെയ്ൻസ്റ്റീനുമാർക്ക് എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
പ്രിയയുടെ ട്വീറ്റ് വന്നതിനെ തുടർന്ന് അക്ബറിൽ നിന്ന് ദുരനുഭവം നേരിട്ട മറ്റ് സ്ത്രീകളും ട്വിറ്ററിൽ കുറിച്ചു. ഇത് അക്ബറിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നാണ് മറ്റ് സ്ത്രീകളുടെ ആരോപണം. ശാരീരികമായ ആക്രമണത്തിന് മടിക്കാത്ത, എന്ത് വൃത്തികേടും സ്ത്രീകളോട് പറയാന്‍ മടിക്കാത്ത ഒരു എംജെ അക്ബര്‍ എന്നാണ് പലരും മന്ത്രിയെ കുറിച്ച് പറയുന്നത്.
തന്റെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഏതറ്റം വരെയും ഉപദ്രവിക്കാന്‍ ഇയാൾക്ക് മടിയില്ലെന്നും സ്ത്രീകൾ തുറന്നടിക്കുന്നു. ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് അന്നത്തെ ദിവസം താൻ അയാളുടെ മുറിയിൽ നിന്ന് രക്ഷപ്പെട്ടതെന്നും പ്രിയാ രമണി തന്റെ ലേഖനത്തിൽ പറയുന്നു. എന്നാല്‍ സംഭവത്തില്‍ അക്ബറിന്‍റെ മേധാവിയായ സുഷമ സ്വരാജ് പ്രതികരിച്ചിട്ടേയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam