
ദില്ലി: ക്വീൻ സംവിധായകൻ വികാസ് ബാലിനെതിരെ കങ്കണ റാണാവത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തിന് പിന്നാലെ സഹനടി ആയ നയനി ദീക്ഷിത്തും രംഗത്ത്. കങ്കണയ്ക്കൊപ്പം ക്വീനിൽ ഇവരും അഭിനയിച്ചിരുന്നു. വികാസ് ബാൽ തന്നോട് പലപ്പോഴും മോശമായി പെരുമാറിയെന്നും ലൈംഗികമായി സമീപിച്ചെന്നും നയനി ദീക്ഷിത്ത് വെളിപ്പെടുത്തുന്നു.
ചിത്രീകരണവുമായി ബന്ധപ്പെട്ട് ടൂ സ്റ്റാർ ഹോട്ടലാണ് ബാൽ നയനിക്ക് നൽകിയത്. അത് വേണ്ടെന്ന് പറഞ്ഞപ്പോൾ വികാസിന്റെ മുറിയിലേക്ക് തന്നെ ക്ഷണിക്കുകയും അന്ന് രാത്രി ഒന്നിച്ചുറങ്ങാമെന്ന് പറയുകയും ചെയ്തു. എന്നാൽ ക്ഷണം നിരസിച്ച നയനിയോട് പിറ്റേന്ന് ഷൂട്ടിംഗ് സൈറ്റിൽ വച്ച് കണ്ടപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്തു. തന്നോട് വളരെ മോശമായി പെരുമാറിയ വികാസ് ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നു എന്നും നയനി ദീക്ഷിത്ത് വെളിപ്പെടുത്തുന്നു.
ഷൂട്ടിംഗ് സൈറ്റിലെ മറ്റ് പെൺകുട്ടികളോടും ഇയാൾ ഇതേപോലെ പെരുമാറിയതായി തനിക്ക് അറിയാമെന്നും നയനി ദീക്ഷിത്ത് പറയുന്നു. വസ്ത്രാലങ്കാര വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു പെൺകുട്ടിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്തിരുന്നു. വികാസ് ബാലിനെതിരെ അണിയറ പ്രവർത്തകരിലൊരാളായ പെൺകുട്ടി രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് കങ്കണ രാണാവത്തും നയനി ദീക്ഷിത്തും ലൈംഗികാരോപണവുമായി എത്തുന്നത്. പല സ്ത്രീകളും ഇയാൾക്കെതിരെ ആരോപണം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
വികാസ് ബാല്‍ കൂടി അംഗമായ ‘ഫാന്റം ഫിലിംസ്’ ബാലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ബോളിവുഡ്ഡ് സംവിധായകനായ അനുരാഗ് കശ്യപ് ഫാന്റെ ഫിലിംസിൽ അംഗമായിരുന്നു. ഈ കമ്പനി അവസാനിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു നയനി ദീക്ഷിത്തിന്റെ പ്രതികരണം. വികാസ് ബാലിന്റെ അടുത്ത ചിത്രമായ സൂപ്പർ 30 ൽ നായകൻ ഹൃത്വിക് റോഷൻ ബാലിനെ എതിർത്ത് പ്രതികരിച്ചിരുന്നു, എന്നാൽ തനിക്കെതിരെ നടന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് വികാസ് ബാൽ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam