
കൊച്ചി: മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ പെൺകുട്ടിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടങ്ങാമറ്റം സ്വദേശി ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കൊലപാതകം എന്നാണ് പൊലീസ് സംശയമുന്നയിക്കുന്നത്. ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. സംഭവത്തില്‍ കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
പെണ്‍കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ തലയിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച വെട്ടുകല്ലിലും രക്തമുണ്ടായിരുന്നു. കല്ലുകൊണ്ട് തലക്ക് അടിച്ച് കൊന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ച് നടക്കും. ചിത്രപ്രിയയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്.