
ദില്ലി: പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടർ അലോക് വർമ്മ ഇനി വെളിപ്പെടുത്താൻ പോകുന്ന കാര്യങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന് ആയുധമാകും. അലോക് വർമ്മയ്ക്കെതിരായ കേസുകൾ ശക്തമാക്കി തിരിച്ചടിക്കാനാകും കേന്ദ്രസർക്കാർ ശ്രമം. ഒരു മിനിറ്റ് പോലും അലോക് വർമ്മയ്ക്ക് തുടരാൻ അവകാശമില്ല എന്നാണ് പ്രധാനമന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞത്.
Read More: പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടർ അലോക് വർമ രാജി വച്ചു; നീതി നിഷേധിക്കപ്പെട്ടെന്ന് വർമ
സെലക്ഷൻ കമ്മിറ്റി ബുധനാഴ്ച ആദ്യം യോഗം ചേർന്നപ്പോൾ വർമയെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്. എന്നാൽ സിവിസി റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന മല്ലികാർജ്ജുന ഖർഗെയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രി അന്ന് യോജിച്ചു. രണ്ടാം ദിനം, അതായത് വ്യാഴാഴ്ച, ജസ്റ്റിസ് എ കെ സിക്രി വർമയ്ക്ക് ഇനിയും സമയം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയതോടെ അലോക് വർമ്മയെ സംരക്ഷിക്കാനുള്ള കോൺഗ്രസ് നീക്കം പരാജയപ്പെട്ടു.
Read More: അഴിമതിക്കാരനെന്ന് തെളിവില്ല - എന്നിട്ടും സിബിഐയിൽ നിന്ന് അലോക് വർമ പുറത്തായതെങ്ങനെ?
സർവ്വീസിൽ നിന്ന് രാജി നൽകിയ അലോക് വർമ്മ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ രാജ്യം ശ്രദ്ധിക്കും. പല പ്രധാന ഫയലുകളും അലോക് വർമ്മ കണ്ടിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസിൽ ആര് സമ്മർദ്ദം ചെലുത്തി എന്നും അലോക് വർമ്മ വിളിച്ചു പറഞ്ഞേക്കും. റഫാൽ അന്വേഷണം തടയാൻ ആരെങ്കിലും ഇടപെട്ടോ എന്ന വിവരവും കോൺഗ്രസ് പ്രതീക്ഷിക്കുന്നു
അലോക് വർമ്മയ്ക്കെതിരെ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി പറയുന്നു. സാഹചര്യ തെളിവുകൾ മാത്രം ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിന് ഉത്തരവ്. എങ്കിലും സിബിഐ അലോക് വർമ്മയെ വളയും എന്നുറപ്പാണ്. പുതിയ ഡയറക്ടർ വരും മുമ്പ് തന്നെ ഇക്കാര്യത്തിൽ നീക്കം പ്രതീക്ഷിക്കാം. അലോക് വർമ്മയെ മാറ്റിയതിനെതിരെ വീണ്ടും കോടതിയിൽ പോകാൻ പ്രശാന്ത് ഭൂഷൺ തീരുമാനിച്ചിട്ടുണ്ടെങ്കിലും അനുകൂല തീരുമാനത്തിന് സാധ്യത വിരളമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam