
ദില്ലി: അധികാരത്തിൽ എത്തുന്നതിന് മുമ്പ് മോദി നൽകിയ ജോലി വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ''രാജ്യത്തെ യുവാക്കൾക്ക് രണ്ട് കോടി ജോലിയായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ അഞ്ച് വർഷം കഴിയാറായിട്ടും ഇത് പാലിക്കാൻ മോദിക്ക് കഴിഞ്ഞില്ല. 45 വർഷങ്ങൾക്കുള്ളിൽ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. 2017-18 വർഷത്തിൽ മാത്രം 6.5 കോടി യുവാക്കളാണ് തൊഴിൽരഹിതരായി ജീവിക്കുന്നത്.'' രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ദേശീയ സാമ്പിൾ സർവ്വെയിലാണ് തൊഴിൽരഹിതരെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നത്. ഇതിനെക്കുറിച്ച് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ. ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ് ലറെ വിശേഷിപ്പിച്ചിരുന്ന 'ഫഹ്റർ' എന്ന വാക്ക് കൊണ്ടാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. മോദിയെ പോകാൻ അനുവദിക്കാൻ സമയമായി എന്നും രാഹുൽ കുറിച്ചിരിക്കുന്നു.
എന്നാൽ വസ്തുതകളെ വ്യക്തമായി കാണാൻ സാധിക്കാത്ത വിധത്തിൽ രാഹുൽഗാന്ധിക്ക് അന്ധത ബാധിച്ചെന്നാണ് ബിജെപിയുടെ പ്രതികരണം. ''ദേശീയ സാമ്പിൾ സർവ്വേ റിപ്പോർട്ട് സത്യമെന്ന് കരുതാൻ സാധിക്കില്ല. മുസ്സോളിനിയാകാനാണ് രാഹുൽഗാന്ധിയുടെ ശ്രമം. ഇപിഎഫ്ഒ റിപ്പോർട്ട് പ്രകാരം തൊഴിൽ മേഖലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.'' ബിജെപി ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam