അധോലോക കുറ്റവാളി രവി പൂജാരി പിടിയിലെന്ന് സൂചന

By Web TeamFirst Published Jan 31, 2019, 11:20 PM IST
Highlights

കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പൂജാരി അറസ്റ്റിലായതെന്നാണ് സൂചന

ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സെനഗല്‍ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് ബംഗളുരു പൊലീസ് പറഞ്ഞു. 

എഴുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്. രവി പൂജാരി അറസ്റ്റിലായെന്ന് ബംഗളുരു പൊലീസ് അനൗദ്യോഗികമായി അറിയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. 

കൊച്ചിയിൽ സിനിമാതാരം ലീനാ  മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷമാണ് രവി പൂജാരിയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയത്.  അധോലോക പ്രവര്‍ത്തനങ്ങളില്‍ സജീവമായ രവി പൂജാരി പ്രവര്‍ത്തന മേഖലകളില്‍ വ്യത്യസ്തനാണ്.  മുംബൈ പ്രവര്‍ത്തന മണ്ഡലമാക്കിയ രവി പൂജാരിക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് യോഗ്യതയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം പലഭാഷകളിലും പ്രാവീണ്യമുണ്ട്.

Read Also :  ആരാണ് രവി പൂജാരി ? അധോലോക കുറ്റവാളിയുടെ കഥ ഇങ്ങനെ

കൊച്ചിയിലെ വെടിവയ്പിൽ താൻ ക്വൊട്ടേഷൻ ഏറ്റെടുത്തത് സലൂൺ ഉടമയായ ലീന മരിയ പോളിന്റെ സ്നേഹിതനായ സുകേഷ് ചന്ദ്രശേഖർ പലരെയും കോടിക്കണക്കിനു രൂപ വെട്ടിച്ച സംഭവത്തിൽ നീതി നേടിക്കൊടുക്കാനാണെന്ന് പൂജാരി ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ  ഫോൺ ചെയ്ത് അറിയിച്ചിരുന്നു. രവി പൂജാരി എന്ന പേര് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ എത്തുന്നത് 1995ലാണ്. 
 
1995  സെപ്തംബറിൽ തന്റെ ചെമ്പൂരിലെ കോർപറേറ്റ് ഓഫീസിനുള്ളിൽ ഉച്ചയുറക്കത്തിലായിരുന്ന കുക്രേജാ ബിൽഡേഴ്‌സിന്റെ ഉടമയും മുംബയിലെ ബിൽഡേഴ്‌സ് ഡെവലപ്പേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന ഓം പ്രകാശ് കുക്രേജയെ പൂജാരിയുടെ അനുയായികളായ സലിം ഹദ്ദി, രാജു എഗ്രെ എന്നിവർ ചേർന്ന് വെടിവെച്ച് കൊന്നതോടെയായിരുന്നു അത്.  തന്റെ ഓപ്പറേഷനുകളെല്ലാം പൂജാരി നിയന്ത്രിക്കുന്നത് ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചാണെന്നായിരുന്നു സൂചന. ഒരു ഓസ്‌ട്രേലിയൻ പാസ്പോർട്ടുപോലും പൂജാരിക്ക് സ്വന്തമായുണ്ട്. ഇതിനിടയിലാണ് പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായെന്ന് സൂചന ലഭിച്ചിരിക്കുന്നത്. 

click me!