വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചെന്ന് അലോക് വര്‍മ്മ; വിമര്‍ശനം ഉന്നയിച്ച് മുൻ അറ്റോർണി ജനറൽ

By Web TeamFirst Published Jan 11, 2019, 10:51 AM IST
Highlights

ഇന്നലെ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്. കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു

ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട അലോക് വർമ്മയെ വിമർശിച്ച് മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്ത്ഗി. അലോക് വർമയുടെ പ്രസ്താവനകൾ നല്ലതാണെന്ന് കരുതുന്നില്ലെന്നാണ്  റോഹ്ത്ത്ഗിയുടെ പ്രധാന വിമര്‍ശനം. പ്രധാനമന്ത്രിയും മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും സിവിസി റിപ്പോർട്ട് കണ്ടതിന് ശേഷം എടുത്ത തീരുമാനത്തെ വിമർശിക്കേണ്ട ആവശ്യമില്ല.

സർക്കാർ ഈ വിഷയം നേരത്തേ തീർപ്പാക്കണമായിരുന്നു. സിബിഐയുടെ സൽപ്പേര് മോശമാവാൻ ഇത് കാരണമായെന്നും റോഹ്ത്ത്ഗി പറഞ്ഞു. അതേസമയം, തനിക്കെതിരെയുള്ളത് ബാലിശമായ ആരോപണങ്ങളാണെന്നാണ് അലോക് വർമയുടെ വാദം.

തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്‍റെ പരാതി ആധാരമാക്കി തന്നെ മാറ്റിയത് ദുഖകരമാണ്. സിബിഐയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചെന്നും അലോക് വർമ്മ വ്യക്തമാക്കി. ഇന്നലെ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്.

കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഫയർ സർവീസ് ഡയറക്ടർ ജനറലായാണ് വർമയെ മാറ്റുന്നത്.

രണ്ടര മണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ അർധരാത്രി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

സിബിഐ ഡയറക്ടറെ നിയമിക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റി തന്നെ അലോക് വർമ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്. ഇതിന് ശേഷം നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു. 

click me!